കഴിഞ്ഞ ദിവസം പാണത്തൂരിനടുത്ത് പരിയാരത്ത് ലോറി മറിഞ്ഞ് നാലു പേര് മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ആ ഗ്രാമം മുക്തമായിട്ടില്ല. മരം കയറ്റിപോവുകയായിരുന്ന ലോറിയാണ് 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു വര്‍ഷം മുമ്പ് ഏഴ് പേരുടെ മരണത്തിനിടയാക്കിയ ബസപകടം നടന്നതിന്റെ അരകിലോമീറ്റര്‍ പരിധിയിലാണ് ഇത്തവണയും അപകടമുണ്ടായത്. റോഡരികിലെ വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ത്താണ് ലോറി നിലം പതിച്ചത്. ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. വീട്ടുമുറ്റത്ത് കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപകടം നടക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് കുട്ടികള്‍ അകത്തേക്ക് പോയത്. തലനാരിഴക്കാണ് കുട്ടികള്‍ രക്ഷപ്പെട്ടത്. ഒരു വര്‍ഷം മുമ്പ് വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേരാണ് ഇവിടെ മരിച്ചത്. കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂര്‍ പരിയാരമാണ് രണ്ട് അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കര്‍ണ്ണാടക സ്വദേശികളാണ് അന്നുണ്ടായ അപകടത്തില്‍ മരിച്ചത്. അന്നും ബസ് മറിഞ്ഞത് വീടിന് മുകളിലേക്കായിരുന്നു. ഭാഗ്യം കൊണ്ട് വീട്ടുകാര്‍ അന്നവിടെ ഉണ്ടായിരുന്നില്ല. മലയോരമേഖലയിലെ കൊടുംവളവുകളും വലിയ ഗര്‍ത്തങ്ങളും അപകടഭീഷണി ഉയര്‍ത്തുന്നവയാണ്. സുരക്ഷാ മുന്‍ കരുതലുകളും അപകടസൂചനാ ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് അന്ന് തന്നെ അധികൃതര്‍ ഉറപ്പു നല്കിയതായിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ഉറപ്പ് പാഴ്വാക്കാവുകയായിരുന്നു. പാണത്തൂര്‍-സുള്ള്യ പാതയിലെ വലിയ ഇറക്കം പരിചിതമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് അപകടത്തിലേക്ക് വഴി വെക്കുന്നു. വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴ് പേര് മരിച്ച ദിവസം സബ്കലക്ടറക്കം സ്ഥലം സന്ദര്‍ശിച്ച് കയറ്റം കുറക്കുന്നതിനും സുരക്ഷാ സംവിധാനമൊരുക്കുന്നതിനും തീരുമാനിച്ചിരുന്നു. അന്തര്‍സംസ്ഥാന പാതയില്‍ പരിയാരത്ത് രണ്ട് കിലോമീറ്ററിലേറെ വലിയ ഇറക്കവും വളവുമാണ്. കാഞ്ഞങ്ങാട് നിന്ന് പാണത്തൂര്‍ ഭാഗത്തേക്കുള്ള വഴിയില്‍ ഈയിടെയാണ് റോഡ് മെക്കാഡം ചെയ്തത്. പകുതിയോളം ഭാഗത്ത് മെക്കാഡം പൂര്‍ത്തിയായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ക്ക് വേഗവും കൂടി. നല്ല റോഡ് വന്നുവെങ്കിലും വളവും ഇറക്കങ്ങളുമെല്ലാം അതേ പടിയുണ്ട്. റോഡ് വികസനം നടക്കുമ്പോള്‍ തന്നെ സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിയിരിക്കുന്നു. വളവും ഇറക്കവുമുള്ള സ്ഥലത്ത് കൂടി പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ സ്വാഭാവികമായും അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്. ഇറക്കത്തിലും വളവുകളിലും ഇരുമ്പ് പൈപ്പ് വേലികള്‍ സ്ഥാപിക്കുകയും കൃത്യമായ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. വലിയ വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. അതുകൊണ്ട് തന്നെ റോഡിന് വലിയ വീതിയില്ലാത്തതും അപകടത്തിന് വഴി വെക്കുന്നു. പാണത്തൂര്‍ പരിയാരത്ത് ഉണ്ടായ ലോറി അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമാണെന്നാണ് പ്രാഥമിക നിഗമനം. മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അപകടം നടന്ന സ്ഥലവും ലോറിയും പരിശോധന നടത്തിയാണ് പ്രാഥമിക നിഗമനത്തിലെത്തിയത്. അപകടത്തില്‍ പെട്ട ലോറി വിശദമായി പരിശോധിച്ചാല്‍ മാത്രമേ അപകടകാരണം കൃത്യമായി കണ്ടുപിടിക്കാന്‍ കഴിയു. മലയോര മേഖലയിലെ മിക്ക റോഡുകളും വീതി കുറഞ്ഞവയാണ്. സംസ്ഥാന പാതയായതിനാല്‍ ഇതിലൂടെ നിരവധി വാഹനങ്ങള്‍ എപ്പോഴും കടന്നുപോകുന്നുണ്ട്. അതുകൊണ്ട് തന്നെ വീതി കുറഞ്ഞ സ്ഥലങ്ങളില്‍ വീതി കൂട്ടി റോഡ് വികസിപ്പിക്കാനുള്ള നടപടിയുണ്ടാവണം. കര്‍ണ്ണാടകയില്‍ നിന്ന് സുള്ള്യവഴി ചരക്ക് ലോറികളും കേരളത്തിലേക്ക് പ്രത്യേകിച്ച് മലയോര മേഖലയിലേക്ക് എത്തുന്നുണ്ട്. ഇനിയും ഒരു ദുരന്തമുണ്ടാവാതിരിക്കാന്‍ വേണ്ടപ്പെട്ട സുരക്ഷാ മുന്‍കരുതലുകള്‍ ഇപ്പോഴേ കൈക്കൊള്ളേണ്ടിയിരിക്കുന്നു.