സംസ്ഥാനസര്‍ക്കാറിന്റെ ലൈഫ് ഭവന പദ്ധതി തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 10 സെന്റ് സ്ഥലമുണ്ടെങ്കില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്കുന്ന പദ്ധതിയാണിത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവന രഹിതര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട (ലൈഫ്) സുരക്ഷാ പദ്ധതിയുടെ ലക്ഷ്യം. ഭൂമിയുള്ള ഭവനരഹിതര്‍, ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍, പുറമ്പോക്കിലോ, തീരദേശ മേഖലയിലോ, തോട്ടം മേഖലയിലോ തല്ക്കാലിക ഭവനം ഉള്ളവര്‍, ഭൂരഹിത-ഭവനരഹിതര്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കേന്ദ്രസര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേക്കായി തയ്യാറാക്കിയ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുകയാണ്. ഈ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം കുറേ ആളുകള്‍ക്ക് വീട് ലഭിച്ചു. രണ്ടാം ഘട്ട ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷ സ്വീകരിച്ചുണ്ട്. ഇതില്‍ പകുതിയോളം പേരുടെ അപേക്ഷ മാത്രമേ ഇപ്പോല്‍ പരിശോധിച്ചിട്ടുള്ളു. രണ്ടാം ഘട്ടത്തിനായി ഇതുവരെ 9,17,520 അപേക്ഷകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ചത്. ഇതില്‍ 2,75,132 ഭൂരഹിത, ഭവനരഹിതരുടേതാണ് പരിശോധന എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് ലൈഫ് മിഷന് വെബ്സൈറ്റില്‍ അര്‍ഹരായവരുടെ ലിസ്റ്റ് അപ്ലോഡ് ചെയ്യുന്നത് നീട്ടിവെച്ചിരിക്കുകയാണ്. കൃഷിവകുപ്പിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുമാണ് ഇതിന്റെ ചുമതല. അവര്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അപേക്ഷാ പരിശോധനകള്‍ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടു നല്കിയ കൃഷി വകുപ്പ് ജീവനക്കാരും പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം ഉത്തരവായി ഇറക്കാത്തതിനാല്‍ കൃഷി വകുപ്പ് ജീവനക്കാര്‍ നിസഹകരണത്തിലാണ്. വയനാട് ജില്ലയില്‍ ഏതാണ്ട് 64.31 ശതമാനം അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരെ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 1,36,237 അപേക്ഷകളുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ആകെ 1,14,032 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. 60,534 പേരുടേത് മാത്രമാണ്. സമയ പരിധിയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ ലൈഫ് ഭവനപദ്ധതിക്കായി അപേക്ഷിച്ച പകുതിയിലേറെപ്പേരും അന്തിമപട്ടികയില്‍ നിന്ന് പുറത്താവും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് 4.32 ലക്ഷം കുടുംബങ്ങളാണ് ഭവനരഹിതരായിട്ടുള്ളത്. ഇതില്‍ 1.58 പേര് ഭൂമിയില്ലാത്ത ഭവനരഹിതരാണ്. വളരെ കഷ്ടപ്പെട്ടാണെങ്കിലും ഭവനം സ്വന്തമാക്കിയ ചിലര്‍ അടിയന്തിരഘട്ടങ്ങളില്‍ അവ പണയപ്പെടുത്തുകയോ വില്ക്കുകയോ ചെയ്തവരാണ്. ആരോഗ്യ പ്രശ്നങ്ങള്‍, കുട്ടികളുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് ഇത്തരം സാഹചര്യങ്ങളിലേക്ക് നീങ്ങുന്നത്. ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിലും തലചായ്ക്കാന്‍ ഇടമില്ലാതെ കഴിയുന്നവരുടെ എണ്ണം പല കാരണങ്ങളാല്‍ വര്‍ധിച്ചുവരികയാണ്. അത്തരക്കാരുടെ സംരക്ഷണമാണ് ലൈഫ് ഭവന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്, സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് കുടുംബപരമായി ലഭിക്കുന്ന ഓഹരിയില്‍ നിന്ന് 10 സെന്റ് സ്ഥലം ലഭ്യമാക്കാനായാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടും. അപേക്ഷ നല്‍കിയവരുടെ ലിസ്റ്റ് പരിശോധിച്ച് എത്രയും പെട്ടന്ന് അര്‍ഹരെ കണ്ടെത്താനാവണം.