മാലിന്യ സംസ്കരണത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ്. ഇപ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ തന്നെയാണ് മാലിന്യ സംസ്കരണത്തിന് നേതൃത്വം നല്കുന്നതെങ്കിലും നഗര പ്രദേശങ്ങളിലും പഞ്ചായത്ത് പരിസരങ്ങളിലുമുള്ളവ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയുള്ള ഖര, ജൈവ മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള മാര്‍ഗരേഖയാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും കുറ്റമറ്റ രീതിയില്‍ നടത്താന്‍ ഓരോ പഞ്ചായത്തിലും നഗരസഭയിലും പ്രത്യേക പ്ലാന്‍ തയ്യാറാക്കാനാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഖരമാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണത്തിന് ക്രമീകരണമുണ്ടാക്കുക, തരംതിരിച്ച് ശേഖരിക്കുന്ന മാലിന്യം ശേഖരിക്കാന്‍ സൗകര്യമൊരുക്കുക സംസ്കരണത്തിനാവശ്യമായ സൗകര്യമൊരുക്കി മേല്‍നോട്ടം വഹിക്കുക, പൊതു നിരത്ത് ശുചീകരിക്കുന്നവര്‍ ശേഖരിക്കുന്ന മാലിന്യം അവിടെ വെച്ചു തന്നെ കത്തിക്കുന്നത് ഒഴിവാക്കി മാലിന്യം ശേഖരിക്കുന്നവര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവയാണ് ചുമതലകള്‍. ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള ക്രമീകരണമുണ്ടാക്കുക, വികേന്ദ്രീകൃത കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റുകള്‍ ഉണ്ടാക്കുക എന്നിവയും തദ്ദേശ സ്ഥാപനത്തിന്റെ നിര്‍ബന്ധിതമായ ചുമതലകളാവും. മാലിന്യം കൊണ്ട് അശാസ്ത്രീയമായി ഭൂമി നശിപ്പിക്കുന്നത് തടയുക, കാലപ്പഴക്കമുള്ള മാലിന്യകുമ്പാരങ്ങളെ പഠന വിധേയമാക്കി ബയോമൈനിംഗ്, ബയോമെതനേഷന് നടത്താനുള്ള സാധ്യത പരിശോധിക്കുക, കെട്ടിട നിര്‍മ്മാണത്തിന്റെയും കെട്ടിടം പൊളിക്കലിന്റെയും ഭാഗമായി ഉണ്ടാകുന്ന മാലിന്യം ശേഖരിക്കാനും സംസ്കരണ കേന്ദ്രങ്ങളിലെത്തിക്കാനും സംവിധാനമുണ്ടാക്കുക തുടങ്ങിയവും ഇതിലുള്‍പ്പെടും.
മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിന്ന് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനാവശ്യമായ ചെലവിലേക്ക് യൂസര്‍ഫീ പിരിക്കണം. കെട്ടിടം പൊളിക്കലിന്റെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം വേര്‍തിരിക്കുന്നതിനും സംസ്കരിക്കുന്നതിനും പ്രത്യേക നിര്‍ദ്ദേശമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നയങ്ങളുടെയും ഗ്രീന്‍ ട്രിബ്യൂണലിന്റെയും മാര്‍ഗരേഖ പ്രകാരം തദ്ദേശ സ്ഥാപനങ്ങളില്‍ കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സെക്രട്ടറിയുടെ ചുമതലയിലാണ്. ഭരണ സമിതിയെ ഇതിനായി സജ്ജമാക്കണം.
മാലിന്യ സംസ്കരണ കാര്യത്തില്‍ നിരുത്തരവാദപരമായി പെരുമാറുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, പ്രവര്‍ത്തനത്തിലെ പുരോഗതി മാസത്തിലൊരു തവണ സര്‍ക്കാരിനെ അറിയിക്കുക തുടങ്ങിയവയും സെക്രട്ടറിയുടെ ഉത്തരവാദിത്വമാണ്. ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വാതില്‍പ്പടി ശേഖരണം നടത്തുന്നുണ്ട്. ഇത് കുറച്ചുകൂടി കാര്യക്ഷമമാക്കണം. വീടുകളില്‍ നിന്ന് 50 രൂപ പ്രകാരം മാസന്തോറും നല്‍കിയാണ് മാലിന്യം ശേഖരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതും കര്‍ശനമായി തടയണം.