മലയോര ഹൈവേ ഏതാണ്ട് പാതിവഴിയിലെത്തിയിട്ടും ഇപ്പോഴും തടസ്സങ്ങള്‍ നീങ്ങുന്നില്ല. മലയോര പ്രദേശത്തെ ജനങ്ങളുടെ ചിലകാലാഭിലാഷം എന്ന് പൂവണിയുമെന്ന് ഇനിയും പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. നഗരപ്രദേശങ്ങളിലെ ജനങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ മലയോരമേഖലകളില്‍ എത്തപ്പെട്ടിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്നെത്തി ഭൂമി വാങ്ങി അധ്വാനിച്ച് പൊന്ന് വിളയിക്കുന്ന സ്ഥലങ്ങളായി അവര്‍ ഈ മേഖലയെ മാറ്റി. അവര്‍ക്ക് നഗരവുമായി ബന്ധപ്പെടാനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും ഇപ്പോഴും കുടുസ് റോഡുകള്‍ തന്നെ ആശ്രയം. ഇതിനൊരു പരിഹാരമായാണ് മലയോര ഹൈവെ എന്ന ആശയം രൂപപ്പെട്ടത്. വര്‍ഷങ്ങളായി ഇതിന് അംഗീകാരം ലഭിച്ചിട്ട്. എന്നിട്ടും മലയോര ഹൈവേ ഇപ്പോഴും തുടങ്ങിയേടത്തുതന്നെ. ഇപ്പോഴത്തെ പ്രശ്നം എടപ്പറമ്പ്-കോളിച്ചാല്‍ മൂന്നാം റീച്ചില്‍ ഹൈവേ നിര്‍മ്മാണത്തിന് വന ഭൂമി വിട്ടു നല്‍കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അഭ്യര്‍ത്ഥന വനം വകുപ്പ് തിരിച്ചയച്ചതാണ്. വിട്ടു നല്കുന്ന ഭൂമിക്ക് പകരം ഭൂമി വിട്ടുനല്‍കണമെന്നാണ് അവരുടെ ആവശ്യം. പകരം നല്കാന് ഭൂമി ഇല്ലാത്തത് പൊതുമരാമത്ത് വകുപ്പ് അധികൃതരെ കുഴക്കുന്നു. സംസ്ഥാനത്ത് മലയോര ഹൈവെ കടന്നുപോകുന്ന പലഭാഗത്തും ഈ പ്രശ്നമുണ്ട്. അഡൂര്‍, പാണ്ടി ഭാഗത്ത് 3.61 കിലോമീറ്റര്‍ ദൂരമാണ് വനത്തിലൂടെ നിര്‍മ്മാണം വേണ്ടിവരുന്നത്. ഇതിനായി 4.33 ഹെക്ടര്‍ വനഭൂമി നല്‍കണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. വലിയ അളവില്‍ വനഭൂമി വിട്ടുനല്‍കുമ്പോള്‍ ലോകസഭ അംഗീകരിച്ച കേന്ദ്ര വന നിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടിവരുമെന്നാണ് സംസ്ഥാന വനം വകുപ്പ് അധികൃതര്‍ പറയുന്നത്. നാലാം റീച്ചില്‍ കോളിച്ചാല്‍ മുതല്‍ കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ചെറുപുഴ വരെയുള്ള ഭാഗത്തിനിടയില്‍ വനഭൂമി വിട്ടു നല്‍കുന്നതിലെ തടസം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം വനം, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇവിടെ ഒരു ഹെക്ടറില്‍ കുറവ് ഭൂമിയാണ് വേണ്ടത്. അതുകൊണ്ട് നടപടികള്‍ എളുപ്പമായേക്കും. നന്ദാരപ്പദവ് മുതല്‍ ചെറുപുഴ വരെ 127.42 കിലോമീറ്ററാണ് കാസര്‍കോട് ജില്ലയില്‍ കൂടി കടന്നുപോകുന്നത്. നാല് റീച്ചുകളായാണ് നിര്‍മ്മാണം. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മ്മാണച്ചുമതല. കിഫ്ബിയില്‍ നിന്ന് എടുത്ത 298 കോടിയാണ് നിര്‍മ്മാണച്ചെലവ്. 2018 നവംബറില്‍ നന്ദാരപ്പദവിലായിരുന്നു റോഡിന്റെ നിര്‍മ്മാണത്തുടക്കം. ചേവാര്‍ വരെ ഒന്നാം റീച്ച് ഒരുങ്ങി. രണ്ടാം റീച്ച് എടപ്പറമ്പ് വരെ നിര്‍മ്മാണത്തിന് നടപടി പൂര്‍ത്തിയായി. നാല് റീച്ചുകളുടെ നിര്‍മ്മാണം ദൃതഗതിയിലാണ്. മലയോരത്തിന്റെ സ്വപ്നപദ്ധതിയായ റോഡ് ഈ മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരും. നന്ദാരപ്പദവ് മുതല്‍ ചേവാര്‍ വരെയുള്ള റോഡിന് 23 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. 5467 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നത്. 12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ഹൈവേയില്‍ ഏഴ് മീറ്റര്‍ ടാറിംങ്ങും ഇരുവശങ്ങളിലുമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും ബാക്കി ഭാഗം ഓടയുമാണ് നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം ആവശ്യമായ സ്ഥലങ്ങളില്‍ പല ഭാഗങ്ങളും കലുങ്കുകളും ഡിവൈഡറുകളും നിര്‍മ്മിക്കുന്നുണ്ട്.
നന്ദാരപ്പദവില്‍ നിന്ന് സുങ്കതകട്ട, പൈവളിഗെ, ചേവാര്‍, അംഗഡിമുഗര്‍, ഇടിയഡുക്ക, ബദിയടുക്ക, മുള്ളേരിയ, പടിയത്തടുക്ക, അത്തനടി, എറപ്പറമ്പ, പാണ്ടി, പള്ളഞ്ചി, ശങ്കരമ്പാടി, പടുപ്പ്, ബന്തടുക്ക, ചുള്ളി, വള്ളിക്കടവ്, ചിറ്റാരിക്കാല്‍ എന്നിവിടങ്ങളിലൂടെയാണ് കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെത്തുന്നത്. മലയോരപ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ ഹൈവേയുടെ നിര്‍മ്മാണം മുമ്പോട്ട് കൊണ്ടുപോകാനുള്ള നടപടികള്‍ ശക്തമാക്കണം. അതിന് ജനപ്രതിനിധികളും മന്ത്രിമാരും അടക്കമുള്ളവര്‍ ഇടപെടണം.