ആരുടേതാണ് ഈ രാജ്യം ?
ഇന്ത്യ ആരുടേതാണെന്ന് ചോദിക്കേണ്ടി വരുന്നു. നമ്മുടേതാണ് എന്നാണ് പറയേണ്ടത്. പക്ഷെ, പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരായി നാം മാറി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ ഇന്ന് കൊടികുത്തിവാഴുന്നത് ദാരിദ്ര്യമാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദുരിതങ്ങളും അനുദിനം കൂടിവരുന്നു. കുട്ടികള്‍ പോഷക ആഹാരക്കുറവു മൂലം മരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ സാധിക്കാതെ സാധാരണ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ഇതിനെതിരെ മതില്‍ കെട്ടി ഏതോ സ്വപ്‌നലോകം നിര്‍മിക്കാന്‍ പുറപ്പെടുകയാണ് രാജ്യം ഭരിക്കുന്നവര്‍. കാഴ്ചയില്‍ സമൂഹത്തിന്റെ മേല്‍ത്തട്ടു […]
ഇന്ത്യ ആരുടേതാണെന്ന് ചോദിക്കേണ്ടി വരുന്നു. നമ്മുടേതാണ് എന്നാണ് പറയേണ്ടത്. പക്ഷെ, പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരായി നാം മാറി കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ ഇന്ന് കൊടികുത്തിവാഴുന്നത് ദാരിദ്ര്യമാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദുരിതങ്ങളും അനുദിനം കൂടിവരുന്നു. കുട്ടികള്‍ പോഷക ആഹാരക്കുറവു മൂലം മരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ സാധിക്കാതെ സാധാരണ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ഇതിനെതിരെ മതില്‍ കെട്ടി ഏതോ സ്വപ്‌നലോകം നിര്‍മിക്കാന്‍ പുറപ്പെടുകയാണ് രാജ്യം ഭരിക്കുന്നവര്‍. കാഴ്ചയില്‍ സമൂഹത്തിന്റെ മേല്‍ത്തട്ടു […]
ഇന്ത്യ ആരുടേതാണെന്ന് ചോദിക്കേണ്ടി വരുന്നു. നമ്മുടേതാണ് എന്നാണ് പറയേണ്ടത്. പക്ഷെ, പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം പോലും ഇല്ലാത്തവരായി നാം മാറി കൊണ്ടിരിക്കുന്നു.
ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ ഇന്ന് കൊടികുത്തിവാഴുന്നത് ദാരിദ്ര്യമാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദുരിതങ്ങളും അനുദിനം കൂടിവരുന്നു. കുട്ടികള്‍ പോഷക ആഹാരക്കുറവു മൂലം മരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ സാധിക്കാതെ സാധാരണ ജനങ്ങള്‍ നെട്ടോട്ടമോടുന്നു. ഇതെല്ലാം അറിഞ്ഞിട്ടും ഇതിനെതിരെ മതില്‍ കെട്ടി ഏതോ സ്വപ്‌നലോകം നിര്‍മിക്കാന്‍ പുറപ്പെടുകയാണ് രാജ്യം ഭരിക്കുന്നവര്‍.
കാഴ്ചയില്‍ സമൂഹത്തിന്റെ മേല്‍ത്തട്ടു കണ്ടാല്‍ മതിയെന്ന അധികാര വര്‍ഗ്ഗത്തിന്റെ വീമ്പിളക്കം, ഇവരുടെ പ്രശ്‌നങ്ങള്‍ കോര്‍പറേറ്റ് വ്യാപാര മേഖലയിലെ കുതിപ്പും കിതപ്പുമൊക്കെയാണ്. സമ്പന്ന താല്‍പ്പര്യങ്ങള്‍ക്ക് ഊനം തട്ടാതിരിക്കാന്‍ ഏത് നയ വ്യതിയാനങ്ങള്‍ക്കും അവര്‍ അടിയൊപ്പു ചാര്‍ത്തുന്നു. അടിത്തട്ടിലുള്ളവര്‍ എങ്ങനെ ചതയ്ക്കപ്പെട്ടാലും മനസ്സലിവില്ല.
സെന്‍സെക്‌സ് സൂചിക ഒരു പോയിന്റ് താഴ്ന്നാല്‍ രാജ്യം വലിയ ആശങ്ക രേഖപ്പെടുത്തുന്നു. രാജ്യത്തിന്റെ പൗരന്‍ പട്ടിണി മൂലം തെരുവില്‍ കിടന്നു മരിച്ചാല്‍ അതൊരു വാര്‍ത്തയല്ലാതായി തീരുന്നു. രാജ്യതാല്‍പ്പര്യവും ദേശസ്‌നേഹവും മേമ്പൊടിയാക്കി ചേര്‍ത്ത് ഏത് ജനവിരുദ്ധനടപടിയും അടിച്ചേല്‍പ്പിക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു! പാവങ്ങളുടെ കണ്ണീര് ഒപ്പേണ്ട സാഹചര്യമുള്ള ഇന്നത്തെ ഇന്ത്യയില്‍ പാവങ്ങളെ കൊന്നൊടുക്കുന്നതും പാവങ്ങളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്നതുമായ നയസമീപനമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ടോ അക്രമരാഷ്ട്രീയത്തെ അതേ അക്രമരാഷ്ട്രീയം കൊണ്ടോ അധഃകരിക്കാനാവില്ലെന്ന ജനാധിപത്യസത്യം ഒരു ജനതയെന്ന നിലയില്‍ നാം വിസ്മരിക്കുന്നു. ഇന്ത്യയിലെ ആദിവാസിയും ദളിതനും ന്യൂനപക്ഷസമുദായത്തിലെ ബഹുഭൂരിപക്ഷവും ദരിദ്രരായ കര്‍ഷകരും കൂലിത്തൊഴിലാളികളും ഇവരെല്ലാവരും കോര്‍പ്പറേറ്റുകളടങ്ങിയ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ചൂഷണസംഘത്തിന്റെ മുഷ്ടികള്‍ക്കുള്ളില്‍ ഞെരിഞ്ഞമരുകയാണ്. എഴുപത് വര്‍ഷങ്ങള്‍ക്കുശേഷം ആരുടെ സ്വാതന്ത്ര്യം ആരുടെ ജനാധിപത്യം എന്ന് ചോദിക്കേണ്ട ഗതികേടിലാണ് നാം. ഈ നാടിന്റെ ഹൃദയ താളങ്ങളിലേക്കാണ് മതങ്ങളും ആദര്‍ശങ്ങളും എല്ലാം കടന്നു വന്നത്. സഞ്ചാരം ചെയ്‌തെത്തിയവര്‍ ഈ മണ്ണിന്റെ നീരുറവയില്‍ സ്‌നേഹത്തിന്റെ തിരുമധുരം അറിഞ്ഞു.
കച്ചവടക്കാരും സഞ്ചാരികളും പ്രബോധകരും ആക്രമിക്കാന്‍ വന്നവരും എല്ലാം വന്നു പോയിട്ടുണ്ട്. അപ്പോഴെല്ലാം ഒരു ചരിത്ര നിയോഗം പോലെ ഭാരതം അതിന്റെ യശസ്സാര്‍ന്ന സംസ്‌കൃതിയെ മുറുകെ പിടിച്ചിരുന്നു.
നൂറ്റാണ്ടുകളോട് മനനം ചെയ്ത് ഇന്ത്യ മുന്നേറി. വാഗ്ഭടനും ധന്വന്തരിയും ശ്രീ ശങ്കരനും ശ്രീ നാരായണ ഗുരുവും ഹസ്രത് നിസാമുദ്ധീനും ഗരീബ് നവാസും ഷൈഖ് സൈനുദീനും ഉമര്‍ ഖാസിയും മദര്‍തെരേസ്സയും സ്‌നേഹത്തിന്റെ സിംഫണി പാടി. ഗാന്ധിയും അംബേദ്കറും അയ്യങ്കാളിയും മുഹമ്മദാലിയും വീര പഴശ്ശിയും മൈസൂര്‍ സിംഹം ടിപ്പുവും റാണി ലക്ഷ്മി ബായിയും എണ്ണമറ്റ എത്രയോ പേര്‍ ധീര വിപ്ലവങ്ങളുടെ കനല്‍ കാറ്റായി. ഒടുവില്‍ ഭാരതം രൂപപ്പെടുകയായിരുന്നു. ഏതു ഹിമാലയ സാനുക്കളിലും കയറി നിന്ന് അഭിമാനത്തോടെ നമുക്ക് വിളിക്കാന്‍ കഴിയും രോമകൂപങ്ങളില്‍ പോലും ആവേശം ത്രസിക്കുന്ന വാക്കുകള്‍ 'ജയ് ഹിന്ദ്!'.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഒരു പത്രപ്രവര്‍ത്തകന്‍ ഗാന്ധിജിയോട് ചോദിച്ചു; ഈ രാജ്യത്തിന്റെ ദൗത്യം എന്താണ് എന്ന്, ഗാന്ധിജി നല്‍കിയ മറുപടി ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ കണ്ണീരൊപ്പലാണ് എന്നായിരുന്നു. 2016-2017 ല്‍ കേന്ദ്ര ബജറ്റില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ടാക്‌സ് ഇളവായി നല്‍കിയത് 6,35,000 കോടി രൂപയാണ്. 130 കോടി ജനങ്ങള്‍ക്ക് എല്ലാ സബ്‌സിഡി ഇനത്തിലും നീക്കി വെച്ചത് രണ്ടര ലക്ഷം കോടി രൂപയും. ആയിരത്തില്‍ താഴെയുള്ള കോര്‍പറേറ്റുകള്‍ക്ക് ആറുലക്ഷത്തി മുപ്പത്തി അയ്യായിരം കോടി പാര്‍ലമെന്റ് പാസ്സാക്കി, ഇന്ത്യ ആരുടേതാണ് എന്നതിനുള്ള ഉത്തരം കൂടി ആയിരുന്നു ഈ പ്രഖ്യാപനം. കാര്‍ഷിക പ്രതിസന്ധി മൂലം 1995 മുതല്‍ 2004 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ 2,50,000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2014 ലെ കണക്കനുസരിച്ച് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം മൂന്നര ലക്ഷമാണ്. രാജ്യത്ത് 2018ല്‍ ആത്മഹത്യ ചെയ്തത് 10, 349 കര്‍ഷകര്‍, ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ചാണ് ഇത്. അതേസമയം, രാജ്യത്ത് നടന്ന ആകെ ആത്മഹത്യകളുടെ 7.7 ശതമാനമാണ് കര്‍ഷക ആത്മഹത്യ. 1, 34, 516 പേരാണ് രാജ്യത്ത് 2018ല്‍ ആകെ ആത്മഹത്യ ചെയ്തത്. 1950ന് ശേഷം വികസനത്തിന്റെ പേരില്‍ തെരുവിലിറങ്ങിയവരുടെ എണ്ണം 12കോടിയാണ്! അവരെ നമ്മള്‍ കാണുന്നുണ്ട് നമ്മുടെ വീട്ടുപടിക്കല്‍, ബസ്റ്റാന്റില്‍, തെരുവുകളില്‍, കടതിണ്ണയില്‍, ആരാലും സംരക്ഷിക്കപ്പെടാതെ, രോഗ പീഡകളാല്‍ പരീക്ഷിക്കപ്പെട്ടു തെരുവിലേക്ക് വലിച്ചെറിയപ്പെട്ട എത്രയോ ജന്മങ്ങള്‍ അന്യരുടെ മുന്നില്‍ ദൈന്യപൂര്‍വ്വം കൈ നീട്ടി കിട്ടുന്ന ചില്ലിക്കാശില്‍ അന്നത്തെ അന്നത്തിന് വക തേടുന്നവര്‍.
ചിക്കന്‍ തന്തൂരിയും ഷവര്‍മയും കഴിച്ചുറങ്ങുന്ന നമുക്ക് നടുവില്‍ രണ്ടു ചീന്തു ചപ്പാത്തിയില്‍ ഒരു രാത്രി കഴിച്ചു കൂട്ടുന്ന തെരുവിന്റെ വാര്‍ധക്യങ്ങള്‍. കുഷ്ഠം ബാധിച്ചും തൊഴില്‍ ചെയ്യാന്‍ കഴിയാതെയും അംഗ വൈകല്യങ്ങള്‍ വന്നും നരക ജീവിതം നയിക്കുന്ന ദൈന്യ ജീവിതങ്ങള്‍, പിന്നെ നമ്മള്‍ സഞ്ചരിക്കുന്ന കാറിന്റെ ഗ്ലാസില്‍ മുട്ടി ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പൊരിവെയിലത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ വരുന്നവര്‍, ജീവിതം ചോര്‍ന്നുപോയവര്‍ പ്രസവിച്ച ഇന്ത്യയുടെ മക്കള്‍.. ആരുടേതാണ് ഈ രാജ്യം? നമ്മള്‍ പേരിനു മാത്രം മൈക്കിനു മുന്നില്‍ ദേശീയതയും പറഞ്ഞു കൊണ്ടിരിക്കുന്നു. ഫാസിസം അതിന്റെ മൂര്‍ത്ത ഭാവത്തില്‍ എത്തി നില്‍ക്കുന്നു. മതവിരുദ്ധമായത് എന്തോ അത് മതപരമായി അടിച്ചേല്‍പ്പിക്കുന്ന വിഭാഗം ഈ രാജ്യത്തെ ഇരുട്ടിലേക്കു നയിച്ചു കൊണ്ടിരിക്കുകയാണ്. മതം പറഞ്ഞു പലരും പലവേഷത്തില്‍ രാജ്യത്ത് നുഴഞ്ഞു കയറുന്നു. മനുഷ്യ വംശം നൂറ്റാണ്ടുകളില്‍ തപം ചെയ്ത കൂടിച്ചേരലുകളിലൂടെ കൈകോര്‍ത്ത് തോളോടു തോള്‍ ചേര്‍ന്നടുത്ത ജീവിത സംസ്‌കാരം, അതിനെയാണ് ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ വിഭജന കാലത്ത് മൗണ്ട് ബാറ്റണ്‍ പ്രഭു ഗാന്ധിജിയെ കാണാന്‍ ചെന്നു. അപ്പോള്‍ ഗാന്ധിജി ആശ്രമത്തിനടുത്തുളള ഗ്രാമത്തിലെ ജനങ്ങളുടെ തര്‍ക്കവിഷയത്തില്‍ മദ്ധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കയായിരുന്നു. ഈ സമയം ഒന്നര മണിക്കൂറോളം മൗണ്ട് ബാറ്റണ്‍ ഗാന്ധിജിയേയും കാത്തിരുന്നു. ഒടുവില്‍ ഗാന്ധിജി വന്നു. ഒന്നര മണിക്കൂര്‍ കാത്തിരുന്ന് മുഷിഞ്ഞതിന്റെ നീരസത്താല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു പറഞ്ഞു; ബാപ്പുജി, ഞാന്‍ ഈ രാജ്യത്തിന്റെ ഗവര്‍ണ്ണര്‍ ജനറലാണ്, അന്നേരം ഗാന്ധിജി പറഞ്ഞു, ശരിയാണ് നിങ്ങള്‍ ഈ രാജ്യത്തിന്റെ ഗവര്‍ണ്ണര്‍ ജനറലാണ് പക്ഷേ, 'ഈ രാജ്യം അവരുടേതാണ്' എന്ന്. അതുകൊണ്ടു പറയുക മനുഷ്യ വംശം ഇതുവരെ എത്തിയത് വിജയികളുടെ നിരയില്‍ നിന്നല്ല പരാജയത്തില്‍ നിന്നു നീന്തി നീന്തി കരയടുത്തവരാണ്.
തോറ്റവന്റെ കണ്ണീരിനേക്കാളും വലിപ്പം ജയിച്ചെന്നു കരുതുന്ന വിജയികള്‍ക്കില്ല, ചരിത്രത്തിലില്ല. അതുകൊണ്ടു റോഡില്‍ ഇറങ്ങുമ്പോള്‍ ആള്‍കൂട്ടം നമ്മേ തേടിവരുമ്പോള്‍ പറഞ്ഞും പഠിപ്പിച്ചും കൊണ്ടേയിരിക്കുക ഗാന്ധിജി പറഞ്ഞ ദരിദ്ര നാരായണന്റേതാണ് ഈ രാജ്യമെന്ന്, പിന്നെയോ, അവസാനത്തെയാളുടെ കുടിയിറക്കപ്പെട്ടവന്റെ, പേരറിയാത്തവന്റെ പുറത്താക്കപ്പെട്ടവന്റെ രാജ്യം.
ജയ് ഹിന്ദ്.