കാസര്‍കോട്: ചെറുവത്തൂര്‍ കൊടക്കാട് സ്വദേശിയായ ഇ. ഭാസ്ക്കരന്‍ ലഭിച്ച ദ്രോണാചാര്യ അവാര്‍ഡ് കാസര്‍കോട് ജില്ലയിലെ കായിക മേഖലയ്ക്ക് ലഭിച്ച അംഗീകാരവും അഭിമാനവുമായി. ഇന്ത്യന്‍ കബഡി ടീം പരിശീലകനായ ഭാസ്ക്കരന്‍ ഇപ്പോള്‍ കരിവെള്ളൂര്‍ നിടുവപ്പുറത്താണ് താമസം. കബഡിക്കുവേണ്ടി സമര്‍പ്പിച്ച ജീവിതമാണ് ഭാസ്ക്കരന്റേത്. ഇത്തവണ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയപ്പോള്‍ ടീമിന്റെ പരിശീലകനായ ഭാസ്ക്കരന്‍ കൂടി ലഭിച്ച അംഗീകാരമായി അത് മാറി. 2009ല്‍ ഇന്ത്യന്‍ കബഡി ടീമിന്റെ പരിശീലകനായ ഭാസ്ക്കരന്‍ അതേ വര്‍ഷം വിയറ്റ്നാമില്‍ നടന്ന ഇന്‍ഡോര്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ പുരുഷടീമിനെ ചാമ്പ്യന്മാരാക്കി. 2010ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ടീമിന് സ്വര്‍ണം നേടാന്‍ ഭാസ്ക്കരന്റെ പരിശീലനം സഹായകമായി. നാലുവര്‍ഷത്തിന് ശേഷം മറ്റൊരു സ്വര്‍ണം കൂടി കരസ്ഥമാക്കി. ഈ സമയത്ത് ഭാസ്ക്കരന്‍ വനിതാ ടീമിന്റെ പരിശീലകനായിരുന്നു. 2022 ജൂണില്‍ ബുസാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ ടീം സ്വര്‍ണം നേടിയതും പരിശീലകന് എന്ന നിലയില്‍ ഭാസ്ക്കരന്‍ അഭിമാനാര്‍ഹമായ നേട്ടമായി. 2014 മുതല്‍ തുടര്‍ച്ചയായി പ്രൊ കബഡിയില്‍ അഞ്ചു സീസണില്‍ യു മുംബൈ ടീമിനെ പരിശീലിപ്പിച്ച ഭാസ്ക്കരന്‍ ഇവിടെയും നിരാശപ്പെടേണ്ടിവന്നില്ല. ഒരു തവണ ഈ ടീം ചാമ്പ്യന്മാരായി. രണ്ടുതവണ രണ്ടാംസ്ഥാനം ലഭിച്ചു. 2016 മുതല്‍ 2018 വരെ തമിഴ് തലൈവാസ് ടീമിനെ പരിശീലിപ്പിച്ചു. ഇന്ത്യന്‍ ആര്‍മിയുടെയും സര്‍വീസസിന്റെയും മുഖ്യപരിശീലകനാകാനുള്ള അവസരവും ഭാസ്ക്കരന്‍ ലഭിച്ചിട്ടുണ്ട്. 21 വര്‍ഷത്തിന് ശേഷം തെക്കേ ഇന്ത്യയിലേക്ക് കബഡിക്ക് ദ്രോണാചാര്യ അവാര്‍ഡ് എത്തിച്ചതില്‍ ഭാസ്ക്കരനുള്ള സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. മുന്‍ ദേശീയകബഡി താരം കൂടിയായ ഭാസ്ക്കരന്‍ ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് സുബേദാര്‍ മേജര്‍ ഓണറ്റി ക്യാപ്റ്റനായാണ് വിരമിച്ചത്. നിലവില്‍ സായ് ബംഗളൂരുവില്‍ ഹൈ പെര്‍ഫോമന്‍സ് കോച്ചും കബഡി വിഭാഗം മേധാവിയും കൂടിയാണ് ഭാസ്ക്കരന്‍. ഭാര്യ: അജിത. മക്കള്‍: അഭിജിത്ത് ഭാസ്ക്കര്‍, അഞ്ജു ഭാസ്ക്കര്‍.