കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രതിവാര ടെസ്റ്റിംഗ് 40,000മായി വര്‍ധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി ഐ.എ.എസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് കലക്ടേറ്റില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നിലവില്‍ 33,000മാണ് പ്രതിവാര ടെസ്റ്റിംഗ്. നേരത്തെ ടിപിആര്‍ നിരക്ക് അടിസ്ഥാനമാക്കിയായിരുന്നു ടെസ്റ്റിംഗ് നടത്തിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ടിപിആര്‍ നിരക്കിനൊപ്പം അതാത് പ്രദേശത്തെ ജനസംഖ്യയും അടിസ്ഥാനപ്പെടുത്തിയായിരിക്കും പരിശോധന നടത്തുക. ജനസംഖ്യ കൂടുതലുള്ള പല സ്ഥലങ്ങളിലും പരിശോധന വളരെ കുറച്ചുമാത്രമാണ് നടക്കുന്നത്. ഇതുകൊണ്ട് രോഗനിര്‍ണ്ണയം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ സാധിക്കില്ല. കുമ്പള ബി കാറ്റഗറിയിലാണെങ്കിലും നൂറില്‍ നാല് പേരെ മാത്രമാണ് പരിശോധിക്കുന്നത്. ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ പരിശോധന ഇത്രമതിയാവില്ല. സമാനസ്ഥിതിയാണ് മറ്റു പല തദ്ദേശസ്ഥാപന പരിധികളിലുമുള്ളത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശോധനയും ഇനിയുള്ള ദിവസങ്ങളില്‍ വര്‍ധിപ്പിക്കും. പൊതുജനങ്ങളില്‍ 0.3 ശതമാനം രോഗബാധ സ്ഥിരീകരിക്കപ്പെടുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ഇത് 1.6 ശതമാനമാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ പേരേയും പരിശോധനക്ക് വിധേയമാക്കണമെന്ന തീരുമാനം ബുധനാഴ്ച രാവിലെ ചേര്‍ന്ന കോര്‍കമ്മിറ്റി യോഗം കൈകൊണ്ടിട്ടുണ്ട്.
ടി.പി.ആര് നിരക്കിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വിവിധപ്രദേശങ്ങളെ എ, ബി, സി, ഡി കാറ്റഗറികളിലാക്കി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്ട് 29 തദ്ദേശസ്ഥാപന പ്രദേശങ്ങള്‍ നിലവില്‍ സി, ഡി കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടിപിആര്‍ നിരക്കും 13.39 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. എ, ബി കാറ്റഗറികളില്‍ സാധാരണ പ്രവര്‍ത്തനം സാധ്യമാണെങ്കിലും സി,ഡി കാറ്റഗറികളില്‍ നിയന്ത്രണം കടുപ്പിക്കേണ്ടിവരുന്നു. എന്നാല്‍ സി, ഡി കാറ്റഗറിയില്‍പെട്ട സമീപപ്രദേശങ്ങളില്‍ നിന്ന് കാസര്‍കോട് നഗരത്തിലേക്ക് ആളുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തടയാന്‍ ജില്ലാ പൊലീസ് മേധാവിയുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മുടങ്ങിയ കാസര്‍കോട്-മംഗളൂരു കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ ദക്ഷിണകന്നഡ ജില്ലാഭരണകൂടവുമായി ബന്ധപ്പെടുമെന്ന് അവര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കാസര്‍കോട്ടെയും ദക്ഷിണ കന്നഡയിലെയും ജില്ലാ ഭരണകൂടങ്ങള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. ജൂലൈ 12 മുതല്‍ കാസര്‍കോട്ടുനിന്ന് മംഗളൂരുവിലേക്കും തിരിച്ചും കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ പുനരാരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തിലെ കോവിഡിന്റെ കണക്കുകളുടെ പേരില്‍ തത്ക്കാലം ഇവിടേക്ക് സര്‍വീസ് നടത്താനാകില്ലെന്ന് കര്‍ണാടക അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കാസര്‍കോട് നഗരത്തില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വിശദീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന ്ഈമാസം തന്നെ യോഗം വിളിച്ചുചേര്‍ക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.