ന്യൂഡെല്‍ഹി: നടിയെ പീഡിപ്പിച്ച കേസില്‍ എട്ടാം പ്രതി നടന് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള പ്രോസിക്യൂഷന് നീക്കത്തിനെതിരെയാണ് നടന് സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണക്ക് കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്നും ഇതിന് പിന്നില്‍ ഗൂഡലക്ഷ്യമുണ്ടെന്നും ദിലീപ് പറഞ്ഞു. കൂടുതല്‍ സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുന്നത് വരെ കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും വിചാരണ വേഗം തീര്‍ക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
വിചാരണക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ദിലീപ് എതിര് സത്യവാങ്മൂലം നല്‍കിയത്. ഇരുഹര്‍ജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുവദിച്ചിരുന്നു. ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ ചോദ്യം ചെയ്യാനാണ് അനുമതി.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വരുന്ന ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടത്. വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
Actor Dileep has asked the Supreme Court not to give more time to the trial in the case of attacking the actress.