കാഞ്ഞങ്ങാട്: അലക്‌സാന്‍ഡ്രിയ പ്രസവിച്ചിട്ടില്ല. എന്നിട്ടും പാല്‍ ചുരത്തുകയാണ്. തച്ചങ്ങാട് അരവത്തെ കല്ല്യോടന്‍ സുരേഷ് കുമാറിന്റെ വീട്ടിലെ പശുവാണ് അലക്‌സാന്‍ഡ്രിയ. വീട്ടിലെ ആവശ്യത്തിലുമധികം പാലാണ് ഇവള്‍ നല്‍കുന്നത്. ഒന്‍പത് മാസം മുമ്പാണ് ഒരു വയസ്സുള്ള എച്ച്.എഫ് ക്രോസ് വിഭാഗത്തിലുള്ള പശുവിനെ സുരേഷ് കുമാര്‍ വാങ്ങിയത്. മൂന്നുമാസം കഴിഞ്ഞപ്പോള്‍ തൊഴുത്തില്‍ പശു കിടന്ന സ്ഥലത്ത് പാല്‍ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പരിശോധിച്ചപ്പോള്‍ അകിടില്‍ പാല്‍ നിറഞ്ഞുനില്‍ക്കുന്നത് കണ്ടു. പരീക്ഷണത്തിനായി കറന്നുനോക്കിയപ്പോള്‍ നന്നായി പാല്‍ ചുരത്തുന്നുണ്ടായിരുന്നു. ആദ്യം കൗതുകമായെങ്കിലും പിന്നീട് ആശങ്കയുണ്ടാക്കി. തുടര്‍ന്ന് പാലക്കുന്നിലെ റിട്ട: വെറ്റിനറി സര്‍ജന്‍ ഷെയ്ക്ക് കോയയെ സുരേഷ്‌കുമാര്‍ വിവരമറിയിച്ചു. കറന്നെടുക്കുന്ന പാല്‍ ചൂടാക്കി നോക്കി അസ്വാഭാവികത ഒന്നുമില്ലെങ്കില്‍ ധൈര്യമായി ഉപയോഗിക്കാമെന്ന ഉപദേശമാണ് ഷെയ്ക്ക് കോയ നല്‍കിയത്. ഇതനുസരിച്ച് പാല്‍ ചൂടാക്കിയപ്പോള്‍ ഒരു കുഴപ്പവുമുണ്ടായില്ല. കഴിഞ്ഞ ആറുമാസമായി ഈ പശു വീട്ടാവശ്യത്തിനുള്ള പാല്‍ നല്‍കുകയാണ്. ദിവസവും മൂന്നര ലിറ്റര്‍ പാല്‍ ലഭിക്കും. എന്നാല്‍ ഒരുനേരം മാത്രമേ കറന്നെടുക്കുന്നുള്ളൂ. പശുവിന്റെ ഉയര്‍ന്ന ഗുണനിലവാരമാണ് ഇത്തരത്തില്‍ പാല്‍ ചുരത്താന്‍ കാരണമെന്നും ആയിരത്തില്‍ ഒരു പശുവിന് മാത്രമേ ഇത്തരത്തില്‍ പാല്‍ ചുരത്താന്‍ കഴിയുകയുള്ളൂവെന്നും സുരേഷിനെ വിദഗ്ധര്‍ അറിയിച്ചു. കുത്തിവെപ്പ് നടത്തിയതിനെത്തുടര്‍ന്ന് പശു മൂന്നുമാസം ഗര്‍ഭിണിയാണ്. പശുവിനെ കാണാന്‍ നിരവധിയാളുകളാണ് സുരേഷിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.