ബെംഗളൂരു: കഴിഞ്ഞയാഴ്ച അവസാനിച്ച വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ഇടിവെട്ട് ഇന്നിംഗ്സ് കാഴ്ച വെച്ച യുനതാരങ്ങളായ ദേവ്ദത്ത് പടിക്കലിനും പൃഥ്വി ഷായ്ക്കും ദേശീയ ടീമില്‍ ഇടം ലഭിക്കാനുള്ള കാത്തിരിപ്പ് നീണ്ടേക്കും. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഉടന്‍ തന്നെ പ്രഖ്യാപിക്കാനിരിക്കെ ടീമിലെ ഓപ്പണര്‍മാരുടെ ബാഹുല്യമാണ് ഇരുവര്‍ക്കും വിലങ്ങാകുന്നത്.
ടീമില്‍ നിലവില്‍ നാല് ഓപ്പണര്‍മാരുണ്ട്. ടെസ്റ്റ് കളിച്ച രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍ എന്നിവര്‍ കൂടാതെ ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍ എന്നിവരും തിരിച്ചെത്തി. ഫോമിലുള്ള രോഹിത് ശര്‍മയെ രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കിയാണ് രാഹുലിനെയും ധവാനെയും ട്വന്റി 20യില്‍ പരീക്ഷിച്ചത്. അവസാന നിമിഷ മാറ്റങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ നാല് പേരും ടീമില്‍ ഇടം ലഭിയ്ക്കുമെന്നാണ് അറിയുന്നത്.
ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ ദേവ്ദത്തും പൃഥ്വി ഷായും വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. നാല് സെഞ്ചുറികള്‍ വീതമാണ് ഇരുവരും നേടിയത്. എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 827 റണ്‍സ് നേടി ഷാ ടോപ് സ്കോറര്‍ ആയപ്പോള്‍ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 737 റണ്‍സുമായി പടിക്കല്‍ രണ്ടാം സ്ഥാനത്തുണ്ട്.