അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ ഡേ നൈറ്റ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറ്റേയറ്റത്ത് സൂക്ഷ്മതയോടെ കളിച്ച രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യ മൂന്നിന് 99 എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (57), ഒരു റണ്ണുമായി അജിങ്ക്യ രഹാനെ എന്നിവരാണ് ക്രീസില്‍.
രോഹിത് ശര്‍മയുടെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ മുന്‍ നിരയുടെ പ്രകടനം വളരെ മോശമാണ്. 51 പന്തില്‍ നിന്നും 11 റണ്‍സ് നേടിയ ശുഭ് മാന്‍ ഗില്‍ ടീം സ്കോര്‍ 33ല്‍ നില്‍ക്കെ പുറത്തായി. തൊട്ടുപിന്നാലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര പൂജ്യത്തിന് പുറത്തായി. നായകന് വിരാട് കോഹ്ലി(27) രോഹിതിനൊപ്പം പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും 98ല്‍ നില്‍ക്കെ ജാക്ക് ലീച്ചിന്റെ പന്തില്‍ പുറത്തായി.
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് മത്സരം തുടങ്ങിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഇന്ത്യന്‍ സ്പിന്‍ അറ്റാക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 21.4 ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങി അക്സര്‍ പട്ടേല്‍ ആറ് വിക്കറ്റും രവിചന്ദ്രന്‍ അശ്വിന് മൂന്നും വിക്കറ്റും വീഴ്ത്തി. ഇഷാന്ത് ശര്‍മ ഒരു വിക്കറ്റ് നേടി.
53 റണ്‍സ് നേടി ഓപ്പണര്‍ സാക്ക് ക്രോളി മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ പിടിച്ചുനിന്നത്. മറ്റാര്‍ക്കും 20 റണ്‍സ് പോലും കടക്കാനായില്ല. ആറ് പേരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. മൂന്ന് പേര് പൂജ്യത്തിന് പുറത്തായി. നായകന് ജോ റൂട്ട് (17), ബെന്‍ ഫോക്സ് (12), ജോഫ്ര ആര്‍ച്ചര്‍ (11) എന്നിവരാണ് ക്രോളിക്കു പുറമേ രണ്ടക്കം കടന്ന താരങ്ങള്‍.