മദ്യലഹരിയില്‍ ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം; യുവാവ് അറസ്റ്റില്‍

ചെന്നൈ: മദ്യലഹരിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അറുപ്പുകോട്ടെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സതീഷ് കുമാര്‍ ആണ് പിടിയിലായത്. വിവേക് എക്‌സ്പ്രസിലായിരുന്നു സംഭവം.
ഈറോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 26 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തൂത്തുക്കുടിയിലെ ഒരു കോച്ചിങ് സെന്ററില്‍ പഠിക്കുകയാണ് യുവതി. പിതാവിന് സുഖമില്ലെന്നറിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പീഡനശ്രമം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
വിരുദുനഗര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പെയിന്റ് കടയിലെ ചുമട്ടുതൊഴിലാളിയായ സതീഷ് കുമാര്‍ യുവതിയുടെ സമീപത്തെ സീറ്റില്‍ വന്നിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ പിന്നീട് യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ, യുവതി 139 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ച് പരാതി അറിയിച്ചു. ട്രെയിന്‍ ഡിണ്ടിഗല്‍ സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസെത്തി സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
ഏതാനും ദിവസം മുന്‍പ് ആന്ധ്ര സ്വദേശിനിയായ ഗര്‍ഭിണിക്ക് നേരെയും സമാനരീതിയില്‍ പീഡനശ്രമമുണ്ടായി. ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടതിന്റെ ആഘാതത്തില്‍ യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചിരുന്നു.