വാട്‌സ്ആപ്പ് മുത്തലാഖ്; പരാതിയില്‍ കുടുങ്ങി കുടുംബം;കേസെടുത്ത് പൊലീസ്‌

കാസര്‍കോട്: വാട്‌സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ നടപടി ശക്തമാക്കി പൊലീസ്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെയും സ്ത്രീധന പീഡനത്തില്‍ ഭര്‍തൃമാതാവിനും സഹോദരിമാര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തു.

കാഞ്ഞങ്ങാട് കല്ലൂരാവി സ്വദേശിനിയായ 21കാരിയുടെ പരാതിയില്‍ ഭര്‍ത്താവ് ബദിയടുക്ക നെല്ലിക്കട്ടയിലെ അബ്ദുല്‍ റസാഖ്(30), ഭര്‍തൃമാതാവ് നഫീസ(68), ഭര്‍തൃസഹോദരിമാരായ റുഖിയ(37), ഫൗസിയ(25) എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഫെബ്രുവരി 21നാണ് ദുബായില്‍ നിന്ന് അബ്ദുല്‍ റസാഖ് യുവതിയുടെ പിതാവിന്റെ വാട്‌സ്ആപ്പിലേക്ക് മൂന്നുതവണ സന്ദേശമയച്ച് മുത്തലാഖ് ചൊല്ലിയത്. ഇതേ തുടര്‍ന്ന് അബ്ദുല്‍ റസാഖിനെതിരെ യുവതി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

2022 ആഗസ്ത് 11നാണ് ഇരുവരും വിവാഹിതരായത്. അബ്ദുല്‍ റസാഖ് കല്ലൂരാവി സ്വദേശിനിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് യുവാവും കുടുംബവും വിവാഹാലോചനയുമായി യുവതിയുടെ വീട്ടിലെത്തുകയുമായിരുന്നു. വിവാഹവേളയില്‍ സ്ത്രീധനമായി 20 പവന്‍ സ്വര്‍ണവും 12 ലക്ഷം രൂപയും നല്‍കിയിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോയതോടെ 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍തൃമാതാവും സഹോദരിമാരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും നിരവധി തവണ മുറിയില്‍ പൂട്ടിയിടുകയും പട്ടിണിക്കിടുകയും ചെയ്‌തെന്നും യുവതിയുടെ പരാതിയിലുണ്ട്. പീഡനങ്ങള്‍ സംബന്ധിച്ച് ദുബായിലുള്ള ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ ദുബായിലേക്ക് കൊണ്ടുവരാമെന്ന് ഉറപ്പ് നല്‍കുകയും ഇതിനുള്ള പണത്തിനാണെന്ന് പറഞ്ഞ് 20 പവനും മഹറായി നല്‍കിയ രണ്ട് പവനും ഉള്‍പ്പെടെ 22 പവന്‍ സ്വര്‍ണ്ണം വില്‍പ്പിച്ച് ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് പണമയപ്പിച്ചെന്നും ഇതിന് ശേഷമാണ് മൊഴി ചൊല്ലിയതെന്നും യുവതിയുടെ പരാതിയില്‍ വ്യക്തമാക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it