''ഇതോടെ സഹായിക്കാനുള്ള മനസ്സ് എന്നന്നേക്കുമായി നഷ്ടപ്പെട്ടു..'' ദുരനുഭവം പറഞ്ഞ് നിര്‍മല്‍ പാലാഴി
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ഉണ്ടായ ഒരു ദുരനുഭവത്തിന്റെ തുറന്ന് പറച്ചിലിലാണ് നടന്‍ നിര്‍മല്‍ പാലാഴി. വീട്ടിലെ കിണറ്റില്‍ വീണ നായക്കുട്ടിയെ എടുക്കാനിറങ്ങിയ പ്രദേശവാസിക്ക് നായക്കുട്ടിയുടെ കടിയേറ്റു. കടിയേറ്റയാളെയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയി കുത്തിവെപ്പ് എടുത്തു. ഒബ്‌സര്‍വേഷനില്‍ ഒരു മണിക്കൂര്‍ ഇരിക്കാന്‍ പറഞ്ഞെങ്കിലും മലപ്പുറത്ത് പരിപാടി ഉണ്ടായതിനാല്‍ ആശങ്കയിലായി. അപ്പോഴാണ് ഒരു പെണ്‍കുട്ടി നഴ്‌സിംഗ് സ്റ്റാഫാണെന്നും പറഞ്ഞ് പരിചയപ്പെടുന്നത്. കഴുത്തില്‍ ടാഗ് ഉണ്ടായിരുന്നു. എന്താ കാര്യം എന്ന് പെണ്‍കുട്ടി അന്വേഷിച്ചപ്പോള്‍ സംഭവം പറഞ്ഞു. അവള്‍ കൂട്ടിരിക്കാമെന്നും സാറ് പോയ്‌ക്കോ എന്നും പറഞ്ഞു നമ്പര്‍ വാങ്ങി. നവംബര്‍ 15നായിരുന്നു സംഭവം. പിന്നീട് നവംബര്‍ 28ന് പാലക്കാട് ഷൂട്ടിംഗിനിടെ ഈ പെണ്‍കുട്ടിയുടെ കോള്‍ വന്നു. അത്യാവശ്യമായി 40000 രൂപ വേണമെന്നും പത്ത് മിനിറ്റിനുള്ളില്‍ തരാമെന്നും പറഞ്ഞു. കയ്യില്‍ പൈസ ഇല്ലാഞ്ഞിട്ടും വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ നഴ്‌സുമാരോടുള്ള ആദരവ് കൊണ്ട് കൊടുത്തു. പക്ഷെ പണം കൈമാറി സമയം കടന്നുപോയിട്ടും കിട്ടിയില്ല. വിളിച്ച നമ്പറിലേക്ക് തിരികെ വിളിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജിലെ പരിചിതരുമായി ബന്ധപ്പെട്ടു. അങ്ങനെ ഒരു നഴ്‌സ് അവിടെ ജോലി ചെയ്യുന്നില്ല എന്നായിരുന്നു മറുപടി. പിന്നീട് പൊലീസിലും പരാതി നല്‍കി. അവസാനം തിരിച്ചറിയാന്‍ കഴിഞ്ഞു. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ ജോലി ചെയ്യുന്ന സ്ത്രീ ആയിരുന്നു അത്. പൊലീസ് സഹായത്താല്‍ പണം തിരികെ കിട്ടി. പക്ഷെ ഒരാള്‍ ഒരു സഹായം ചോദിച്ച് വിളിക്കുമ്പോള്‍ അവരെ സഹായിക്കാനുള്ള മനസ്സ് എന്നന്നേക്കുമായി നഷ്ടമായെന്നാണ് നിര്‍മല്‍ പാലാഴി പറഞ്ഞ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ മുഴുവന്‍ രൂപം
കുറച്ചു ദിവസം മുന്നേ എനിക്ക് ഉണ്ടായൊരു അനുഭവം ഒന്ന് ഇവിടെ എന്റെ പ്രിയപെട്ടവരുമായി പങ്ക് വെക്കുന്നു 🙏😍😍😍
ഈ നവംബർ 15 ന് വീട്ടിലെ കിണറ്റിൽ ഒരു നയകുട്ടി വീഴുന്നു അതിനെ എടുക്കാനായി ഇറങ്ങിയ രാജേട്ടന്റെ കൈക്ക് നായകുട്ടി കടിക്കുന്നു, രാജേട്ടൻ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ മൂപ്പരുമായി എന്റെ സ്‌കൂട്ടറിൽ മെഡിക്കൽ കോളേജിൽ പോയി ഇഞ്ചക്ഷൻ എടുക്കുന്നു ശേഷം ഒരു മണിക്കൂർ ഒബ്സർവേഷനിൽ ഇരിക്കുവാൻ പറയുന്നു, എനിക്ക് ആണെങ്കിൽ അന്ന് വൈകുന്നേരം മലപ്പുറം ഒരു പ്രോഗ്രാമിന് പോവാൻ ഉണ്ടായിരിന്നു, എന്ത് ചെയ്യും എന്ന് ടെൻഷൻ അടിച്ചു നിൽക്കുമ്പോ.. പിറകിൽ നിന്നും ഒരു പെൺകുട്ടി സാർ എന്ത് പറ്റി...? ഞാൻ അവരോട് നടന്ന കാര്യം പറഞ്ഞു യൂണിഫോം ഇട്ടിട്ടൊന്നും ഇല്ലെങ്കിലും കഴുത്തിൽ ടാഗ് കെട്ടി നേഴ്സിങ് സ്റ്റാഫ് ആണെന്ന് അവർ സ്വയം പരിചയപ്പെടുത്തി, ചേട്ടൻ പൊയ്ക്കോ രാജേട്ടന്റെ അടുത്ത് ഞാൻ നിന്നോളാം എന്നവർ പറഞ്ഞപ്പോ എനിക്ക് തല്ക്കാലം വലിയൊരു ഉപകാരമായി എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കാം എന്നും പറഞ്ഞു അവർ എന്റെ നമ്പർ വാങ്ങി. അന്ന് രാത്രി ഒരു 7..
8 ആയപ്പോൾ അവർ എന്നെ വിളിച്ചു സാർ അവര് ഡിസ്ചാർജ് ആയിട്ടോ എന്ന് പറഞ്ഞു ഞാൻ അവരോടു ഒരുപാട് നന്ദിയും പറഞ്ഞു ബൈ പറഞ്ഞു.
നവംബർ 28 ന് ഞാൻ പാലക്കാട് ധ്യാൻ, സിജുവിത്സൻപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന "ഡിക്ടറ്റീവ് ഉജ്ജലൻ" എന്ന സിനിമയിൽ ഒരു കുഞ്ഞു വേഷത്തിൽ അവസരം കിട്ടിയപ്പോ വന്നതാണ് അന്ന് ഒരു 4 30 ന് ഈ കുട്ടി വിളിക്കുന്നു, സാർ ഞാൻ അന്ന് സാറിനെ ഹെൽപ്പ് ചെയ്ത...... ആണ് സാറെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുതെ.. എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം😔 ഞാൻ പറഞ്ഞു മോളെ ഞാൻ സിനിമയിൽ അവസരങ്ങൾ ലഭിക്കുമ്പോ ചെയ്യുന്നു എന്നല്ലാതെ നിങ്ങൾ വിചാരിക്കുന്നത് പോലെ എന്റെ കയ്യിൽ ഒരുപാട് പൈസയൊന്നും ഇല്ല മാത്രമല്ല ഉള്ളതെല്ലാം എടുത്ത് ഒരു വീട് ഉണ്ടാക്കുന്നതിന്റെ കഷ്ടപ്പാടിലും ആണ് 🙏😔. പക്ഷെ അവർ വീണ്ടും വീണ്ടും പറഞ്ഞപ്പോ ഒരു ആരോഗ്യ പ്രവർത്തകയോട് ഇല്ല എന്ന് പറയുവാൻ എന്റെ മനസ്സ് അനുവദിച്ചില്ല കാരണം അവരുടെ ദാനമാണ് എന്റെ ജീവിതം മാത്രമല്ല അവർ ഒരു നേഴ്സ് ആണന്നാണ് പറഞ്ഞത്, എന്നെ നോക്കിയ നേഴ്സ്മാരുടെ ഒരു ഗ്രുപ്പ് എനിക്ക് ഉണ്ട് "എന്റെ മാലാഖ കൂട്ടം" പിന്നെ വേറെ ഒന്നും ചിന്തിക്കാതെ ഞാൻ ക്യാഷ് അയച്ചു കൊടുത്തു 10,20 30 40 മിനിട്ടുകൾ കടന്ന് പോയി ക്യാഷ് തന്നില്ല വിളിച്ചു നോക്കിയപ്പോൾ എന്നെ ബ്ലോക്ക് ചെയ്തു കളഞ്ഞു😔
മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ Dr shameer സാറുമായി അടുത്ത ബന്ധമുള്ളത് കൊണ്ട് വിളിച്ചു ചോദിച്ചപ്പോൾ അങ്ങനെ ഒരാൾ അവിടെ വർക്ക് ചെയ്യുന്നില്ല എന്നറിഞ്ഞു, സങ്കടവും ദേഷ്യവും വന്ന ഞാൻ പോലിസ് സൗഹൃദം വച്ചു ഉടൻ തന്നെ പരാധി കൊടുത്തു പന്തിരാങ്കാവ് പോലിസ് സ്റ്റേഷനിലെ ഓഫീസറും പ്രിയ സുഹൃത്തുമായ രഞ്ജിഷ്, മെഡിക്കൽ കോളേജ് സ്റ്റേഷൻ, സൈബർ സെൽ ബിജിത്ത് ഏട്ടൻ,അവസാനം അസിസ്റ്റന്റ് കമീഷണർ സിദ്ധിക്ക് സാർ, അങ്ങനെ എനിക്ക് പറ്റാവുന്ന ആളുകളെയെല്ലാം ഞാൻ വിളിച്ചു കാരണം എന്നെ പറ്റിച്ചു അതും ഞാൻ അങ്ങേ അറ്റം സ്നേഹിക്കുന്ന ആളുകളുടെ പേരും പറഞ്ഞു അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല
അവസാനം മെഡിക്കൽ കോളേജിൽ ആളെ മനസ്സിലാക്കാൻ ഷമീർ സാറിലൂടെ എനിക്ക് കഴിഞ്ഞു അവർ പെയിൻ ആന്റ് പാലിയേറ്റീവിൽ താത്കാലികമായി ജോലി ചെയ്യുന്ന ഇങ്ങനെയുള്ള ക്രിമിനൽ ഏർപ്പാട് ചെയ്യുന്ന ഒരാളാണെന്ന് മനസ്സിലായി (അറിഞ്ഞത് മുഴുവനായി എഴുതുന്നില്ല )മെഡിക്കൽ കോളേജിൽ കാണിക്കാൻ വരുന്ന ആളുകളുടെ സാമ്പത്തിക സ്ഥിതി നമ്മൾക്ക് എല്ലാവർക്കും മനസ്സിലാവും അവരെ വരെ പറ്റിച്ചു ജീവിക്കുന്ന ഇങ്ങനെയുള്ള ആളുകളെ മനസ്സിലാക്കി മാറ്റി നിർത്തുക തന്നെ വേണം
പോലിസ് സഹായത്താൽ കുറച്ചു ദിവസം കഴിഞ്ഞണെങ്കിലും അവരുടെ കയ്യിൽ നിന്നും ഇന്നലെ എനിക്ക് എന്റെ പൈസ കിട്ടി പൈസ കിട്ടിയെങ്കിലും ഒന്ന് എനിക്ക് നഷ്ടമായി ഒരാൾ ഒരു സഹായം ചോദിച്ചു വിളിക്കുമ്പോൾ അവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമായി 🙏😔.
ഇതിലും ഡീറ്റയിൽ ആയി എഴുതണം എന്നുണ്ടായിരുന്നു വായിക്കുന്നവർക്ക് ബോറടിക്കുന്നത് കൊണ്ട് ഇവിടെ നിർത്തുന്നു 🙏
"വീട്ടിൽ പട്ടിണിയാണെങ്കിലും പ്രിയപെട്ടവരുടെ ജീവന് വേണ്ടി ദിവസവും മെഡിക്കൽ കോളേജ് ആശ്രയിക്കുന്ന ആയിരങ്ങളും അവരെ സുശ്രൂഷിക്കാൻ ജീവിതത്തിന്റെ നല്ലൊരു സമയവും മാറ്റിവെക്കുന്ന മനുഷ്യ രൂപമുള്ള ദൈവങ്ങളും ഉള്ള ഇവിടെനിന്നും ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയാൻ നമുക്ക് പറ്റട്ടെ 🙏🙏🙏