ഷമീനയുടെ തട്ടിപ്പുകള്‍ പലവഴി; പ്രവാസിയെ ചാറ്റിങ്ങിലൂടെ കുടുക്കി; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചു
കാസര്‍കോട്: പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയിലായ ഷമീന നടത്തിയ തട്ടിപ്പുകളുടെ കഥകള്‍ നാള്‍ക്കുനാള്‍ പുറത്ത് വരികയാണ്. തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഷമീനക്കെതിരെ നിരവധി പേരാണ് രംഗത്ത് വരുന്നത്. കോട്ടിട്ട് സ്റ്റെതസ്‌കോപ്പും കഴുത്തിലിട്ട് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ഷമീന തന്നെ പ്രചരിപ്പിച്ച ഫോട്ടോയും പൊലീസ് കണ്ടെത്തി.
2013ല്‍ കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഹണിട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതികളാണ് ഷമീനയും ഭര്‍ത്താവ് ഉബൈസുമെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രവാസിയെ കാസര്‍കോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ ഇവര്‍ 14 ദിവസം റിമാണ്ടിലായിരുന്നു. പ്രവാസിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോണ്‍ വിളിയിലൂടെയും കുടുക്കികാസര്‍കോട്ടേക്ക് എത്തിച്ചായിരുന്നു ഹണിട്രാപ്പ്. യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി ഷമീനയും ഭര്‍ത്താവും നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഷമീനയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു.
ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ഷമീന പ്രതിയായിരുന്നു. കൂടാതെ മന്ത്രവാദത്തിലൂടെ സ്വര്‍ണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയ മൂന്നോളം കേസുകള്‍ ഷമീനക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഷമീനയുടെയും ഉബൈസിന്റെയും വാക്കുകളില്‍ വീണ ഒരു കുടുംബം വീട്ടില്‍ കൂടോത്രം നടത്തി. സ്വര്‍ണ്ണം വീട്ടിലെ മുറിയില്‍ 40 ദിവസം പൂട്ടിവെക്കണമെന്നും, 40 ദിവസത്തിന് ശേഷം തുറന്ന് നോക്കിയാല്‍ സ്വര്‍ണ്ണം ഇരട്ടിയാകുമെന്നും എന്നായിരുന്നു ഉറപ്പ്. എന്നാല്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി ഷമീന മുങ്ങി. സംശയം തോന്നി പിറ്റേദിവസം വീട്ടുകാര്‍ മുറി തുറന്നു നോക്കിയപ്പോള്‍ കണ്ടത് ചെളിയും മണ്ണും നിറച്ച പെട്ടികളായിരുന്നു. സംഘത്തിന്റെ വലയില്‍ പല പ്രമുഖരും അകപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ നാണക്കേട് കാരണം പലരും പരാതി നല്‍കാന്‍ തയ്യാറായില്ല. സമ്പന്നരെയാണ് ഇവര്‍ ലക്ഷ്യം വെച്ചിരുന്നത്. തട്ടിപ്പുനടന്നതായി തിരിച്ചറിഞ്ഞാലും നാണക്കേട് ഭയന്ന് വിവരം പുറത്ത് പറയില്ലെന്ന ധൈര്യത്തിലായിരുന്നു ഷമീനയും ഭര്‍ത്താവ് ഉബൈസും തട്ടിപ്പ് നടത്തിയതെന്നും പൊലീസ് പറഞ്ഞു