അതിക്രൂര റാഗിംഗ്; കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ 5 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: അതിക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയില്‍ ഗവ. നഴ്‌സിങ് കോളജിലെ 5 സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കോട്ടയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാമുവല്‍, വയനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജീവ, മലപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാഹുല്‍ രാജ്, കോട്ടയം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവേക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയിലാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറില്‍ റാഗിങ് തുടങ്ങിയതായാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥികളെ നഗ്‌നരാക്കി നിര്‍ത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയില്‍ പറയുന്നു.
കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തില്‍ മുറിവേല്‍പിക്കുകയും മുറിവില്‍ ലോഷന്‍ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
പീഡനം പുറത്തറിയാതിരിക്കാന്‍, റാഗിങ്ങിന് വിധേയരാകുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി. ഈ വീഡിയോ പുറത്തായാല്‍ പഠനം തന്നെ നിലയ്ക്കുമെന്ന ഭയത്താല്‍, പീഡനത്തിനിരയായവര്‍ വിവരം പുറത്തുപറഞ്ഞില്ല. എന്നാല്‍ പീഡനം സഹിക്കാതായതോടെയാണ് പരാതിയുമായി രംഗത്തുവന്നത്. നിലവില്‍ അഞ്ചുപേരെയാണ് അറസ്റ്റുചെയ്തതെങ്കിലും, കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.