കഞ്ചാവ് ശേഖരം പരിശോധിച്ച ഉദ്യോഗസ്ഥരെ ഷോക്കടിപ്പിക്കാന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

മലപ്പുറം: കാറില്‍ സൂക്ഷിച്ച വന്‍ കഞ്ചാവ് ശേഖരം പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇലക്ട്രിക് ടോര്‍ച്ച് ഉപയോഗിച്ച് ഷോക്കടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. മൊറയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അനസ് (31), ഫിറോസ് (37) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാരാപറമ്പ്-ആമയൂര്‍ റോഡില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തുന്നത്.

സംഭവത്തെ കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്:

കാറില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥരെ ഇലക്ട്രിക് ടോര്‍ച്ചുപയോഗിച്ച് ഷോക്കടിപ്പിച്ച് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചു. തുടര്‍ന്ന് നടന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ പ്രതികളെ കീഴടക്കുകയായിരുന്നു.

കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 20.489 കിലോ കഞ്ചാവ് കൂടാതെ ഇവരുടെ ഫ്‌ളാറ്റില്‍ സൂക്ഷിച്ചിരുന്ന 20.331 കിലോ കഞ്ചാവും പിടിച്ചെടുത്തു. മഞ്ചേരി നറുകര ചകിരിമൂച്ചിക്കലില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലോഡ്ജില്‍ പത്ത് മുറികള്‍ ഒന്നിച്ച് വാടകക്കെടുത്താണ് പ്രതികള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. ജില്ലയിലെ കഞ്ചാവ് വില്‍പനക്കാര്‍ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന മൊത്തകച്ചവടക്കാരാണ് ഇപ്പോള്‍ വലയിലായത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. കൂടുതല്‍ പ്രതികള്‍ ഇനിയും പിടിയിലാകുമെന്ന് മലപ്പുറം എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നൗഫല്‍ പറഞ്ഞു. അഡീഷനല്‍ എക്‌സൈസ് കമ്മിഷനര്‍ പി വിക്രമന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ്, മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ, എക്‌സൈസ് കമ്മിഷനറുടെ ഉത്തരമേഖല സ്‌ക്വാഡ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it