ബാലതാരത്തെ പീഡിപ്പിച്ചെന്ന കേസില്‍ നടന് 136 വര്‍ഷം കഠിനതടവ്

ഈരാറ്റുപേട്ട: ബാലതാരത്തെ പീഡിപ്പിച്ചെന്ന കേസില്‍ നടനെ 136 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. സിനിമയില്‍ അഭിനയിക്കാനെത്തിയ 9 വയസ്സുകാരിയെ ഷൂട്ടിങ്ങിനായി വാടകയ്‌ക്കെടുത്ത വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സിനിമ-സീരിയല്‍ താരം കങ്ങഴ കടയനിക്കാട് കോണേക്കടവ് മടുക്കക്കുഴി എം.കെ.റെജി(52) യെ 136 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചത്.
1,97,500 രൂപ പിഴയും അടക്കണം. ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ) ജഡ്ജി റോഷന്‍ തോമസ് ആണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ 1,75,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്.
2023 മേയ് 31ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മേലുകാവ് എസ്.എച്ച്.ഒ ആയിരുന്ന രഞ്ജിത് കെ.വിശ്വനാഥന്‍ അന്വേഷിച്ച കേസില്‍ തിടനാട് എസ്.എച്ച്.ഒ ആയിരുന്ന കെ.കെ.പ്രശോഭാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസ് മാത്യു തയ്യില്‍ ഹാജരായി.