മാനഭംഗത്തിന് കേസെടുത്തത് 1999ല്‍; പ്രതി മുങ്ങിനടന്നത് 25 വര്‍ഷം..!! ഒടുവില്‍ രാജപുരത്ത് നിന്ന് പിടിയില്‍

ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് എടക്കര പൊലീസെത്തി പിടികൂടിയത്

കാസര്‍കോട്: മലപ്പുറം എടക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത മാനഭംഗ കേസിലെ പ്രതിയെ 25 വര്‍ഷത്തിന് ശേഷം രാജപുരത്ത് നിന്ന് പിടികൂടി. ആറ്റിങ്ങല്‍ സ്വദേശി രാജുവിനെയാണ് എടക്കര പൊലീസെത്തി പിടികൂടിയത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.രാജു താമസിച്ചിരുന്ന നിലമ്പൂരിലെ ചെമ്പന്‍കൊല്ലിയില്‍ മറ്റൊരു വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീയെ മാനഭംഗപ്പെടുത്തിയതാണ് ആദ്യ കേസ്. സ്ത്രീയുടെ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതിയെ പിടി കൂടാന്‍ കഴിഞ്ഞില്ല. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ കേസ്. ചെമ്പന്‍ കൊല്ലിയില്‍ തന്നെ മറ്റൊരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ ശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.ഈ കേസിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതി മുങ്ങി നടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്. തുടര്‍ന്ന് നിലമ്പൂര്‍ ഡി.വൈ.എസ്.പി ബി.ബാലചന്ദ്രന്റെ നിര്‍ദേശ പ്രകാരം എടക്കര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. നിലമ്പൂര്‍ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it