കാസര്‍കോട്: ജില്ലയില്‍ കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാല്‍ രോഗികളുടെ എണ്ണം കുത്തനെ കൂടി. ടോട്ടല്‍ പോസിറ്റിവിറ്റി റേറ്റ് കൂടിയതോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മുന്‍സിപാലിറ്റികളിലും പഞ്ചായത്തുകളിലും വാര്‍ഡ്തല ജാഗ്രതാ സമിതികളും ആര്‍ആര്‍ടികളും പ്രവര്‍ത്തനം ശക്തമാക്കും. വീടുകളില്‍ കഴിയുന്ന രോഗികളെ പ്രത്യേകം ശ്രദ്ധിച്ച് ക്വാറന്റീന് പാലിക്കുന്നത് ഉറപ്പ് വരുത്തും. വിദ്യാര്‍ത്ഥികളും വയോജനങ്ങളും ഉള്‍പ്പെടുന്ന ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അപ്പാര്‍ട്മെന്റ് സമുച്ചയങ്ങള്‍, സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, കടകള്‍, ക്ലബ്ബുകള്‍, മാളുകള്‍ മുതലായവയില്‍ അണുബാധ കൂടുതല്‍ പടരാതിരിക്കാന്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
അണുബാധയുടെ വ്യാപനത്തെ നിസ്സാരമായി കാണരുത്. കോവിഡ് നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ല. പൊതു സ്ഥലങ്ങള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കണമെന്നും എല്ലാ പൊതുസ്ഥലങ്ങളിലും ജീവനക്കാരും സ്ഥാപന ഉടമകളും സന്ദര്‍ശകരും ഗുണനിലവാരമുള്ള മാസ്കുകള്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു.
മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരിലും പോലീസുകാരിലും കോവിഡ് വ്യാപിക്കുന്നത് തടയാന്‍ ജാഗ്രത വേണം. ബസുകളിലും പൊതു ഗതാഗത സംവിധാനങ്ങളിലും കോവിഡ് മാനദണ്ധങ്ങള്‍ പാലിക്കണം. ബ്രേക് ദി ചെയിന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കോവിഡ് വ്യാപനത്തെ തടയുന്നതിന് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു
കോവിഡ് വ്യാപനത്തിന്റെ സൂചന നല്കി ജില്ലയില്‍ ടിപിആര്‍ (ടോട്ടല്‍ പോസിറ്റിവിറ്റി റേറ്റ്) കൂടുകയാണ്. കഴിഞ്ഞ ആഴ്ചകളെക്കാള്‍ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ ആണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. 29.3 ശതമാനമാണ് രേഖപ്പെടുത്തിയത്. കോവിഡ് പരിശോധന നടത്തിയ 2069 പേരില്‍ 606 പേര് പൊസിറ്റീവായി. കാസര്‍കോട് നഗരസഭയില്‍ ആണ് ഏറ്റവും കൂടുതല്‍ പേരെ പരിശോധിച്ചത്. പരിശോധിച്ച 400 പേരില്‍ 118 പേര് പൊസിറ്റീവായി. കാസര്‍കോട് നഗരസഭയില്‍ ടിപിആര്‍ 29.5 ശതമാനം. കാഞ്ഞങ്ങാട് നഗരസഭയില്‍ 139 പേരെ പരിശോധിച്ചതില്‍ 42 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 30.2 ശതമാനം. 128 പേരെ പരിശോധിച്ച ചെമ്മനാട് പഞ്ചായത്തില്‍ 32 പേര്‍ക്കും പോസിറ്റീവായി (ടിപിആര്‍ 25 ശതമാനം). ചെങ്കള പഞ്ചായത്തില്‍ പരിശോധിച്ച 106 പേരില്‍ 27 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു (ടിപിആര്‍ 25.5 ശതമാനം).
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനാണ് ജില്ലാ തല കൊറോണ കോര്‍ കമ്മിറ്റി യോഗ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ച കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് പൊലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ ഉറപ്പ് വരുത്തും.
പൊതുചടങ്ങുകളില്‍ പരമാവധി ആളുകളെ കുറയ്ക്കണം. മാസ്ക് കൃത്യമായി ധരിക്കണം. സാമൂഹിക അകലം പാലിക്കണം. മതരാഷ്ട്രീയ സാംസ്കാരിക സാമുദായിക പൊതുപരിപാടികള്‍ പരമാവധി ഓണ്‍ലൈനില്‍ സംഘടിപ്പിക്കണം. നേരിട്ട് സംഘടിപ്പിക്കുകയാണെങ്കില്‍ ആളുകളുടെ എണ്ണം പരമാവധി 50 ആയിരിക്കണം.
ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 20ല്‍ കൂടുതലുള്ള ജില്ലകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓക്സിജന്‍ പ്ലാന്റുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.