കാസര്‍കോട്: നീലേശ്വരം നഗരസഭയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്സിനേഷന് കൂടുതല്‍ ആളുകളില്‍ എത്തിക്കാനും തീരുമാനിച്ചു. വ്യാപാരസ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും. ആളുകള്‍ പരമാവധി വീടിനകത്ത് നിന്നും പുറത്തിറങ്ങാതെ ഇരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
വിവാഹം, മരണം, ഗൃഹപ്രവേശം, മതപരമായ ചടങ്ങുകള്‍ എന്നിവ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്തേണ്ടതാണ്. വിവാഹം, ഗൃഹപ്രവേശം, വിവാഹ നിശ്ചയം എന്നിവയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി മുന്‍കൂട്ടി നഗരസഭയെയും പോലീസിനെയും അറിയിക്കേണ്ടതാണ്. കലാ-കായിക വിനോദങ്ങള്‍ നഗരസഭാ പരിധിയില്‍ പൂര്‍ണമായും നിരോധിക്കുവാന്‍ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ രാത്രി 9 മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടു മാത്രമെ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളൂവെന്നും തീരുമാനിച്ചു. വാക്സിന് ലഭ്യതയനുസരിച്ച് കൂടുതല്‍ വാക്സിനേഷന് ക്യാമ്പുകള്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടത്താനും തീരുമാനിച്ചു.