കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.ടി.സി) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനിച്ചു.
41 തദ്ദേശ സ്ഥാപനങ്ങളിലും 25 ബെഡുകളുള്ള സി.എഫ്.എല്‍.ടി.സികള്‍ രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന വിധത്തില്‍ സ്കൂള്‍, കോളേജ്, വലിയ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലാണ് സി.എഫ്.എല്‍.ടി.സി ഒരുക്കുക. ഇതിന്റെ പൂര്‍ണ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വികേന്ദ്രീകൃത ചികിത്സാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സി.എഫ്.എല്‍.ടി.സികള്‍ ആരംഭിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
പഞ്ചായത്ത് രാജ് നിയമത്തിന്റെയും പകര്‍ച്ചവ്യാധി നിരോധന നിയമത്തിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാം. പ്രാദേശിക തലത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്കി. വാര്‍ഡ്തല ജാഗ്രതസമിതികള്‍ അടിയന്തിരമായി വിളിച്ചുകൂട്ടണം.
പ്രാദേശിക തലത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം. മാഷ് പദ്ധതിയുടെ ഭാഗമായുള്ള കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള മാഷ് പദ്ധതിയില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന അധ്യാപകനെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ട് പഞ്ചായത്ത് ഉത്തരവ് സെക്രട്ടറി ഇറക്കണം. മൈക്രോ കണ്ടെയ്ന്മെന്റ് സോണായ കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ മുപ്പതില്‍ അധികം രോഗികളുള്ള വാര്‍ഡില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് നിര്‍ദേശിച്ചു.
45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ജില്ലയില്‍ വിപുലമായ വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്. അവസരം പരമാവധി പ്രയോജനപ്പെടുത്തണം. വാക്സിനേഷന്റെ ഭാഗമാകാത്ത 45 വയസിന് താഴെയുള്ളവര്‍ ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്യണം. കോവിഡ് മൂലമുള്ള മരണ സാധ്യത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. സോപ്പ്, മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം. ജില്ലയുടെ 17 അതിര്‍ത്തികളിലും ശക്തമായ നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കണം. പൊതുജനങ്ങള്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. ദൈനംദിന ജീവിത സഞ്ചാരത്തിനുള്ള മാര്‍ഗങ്ങള്‍ക്ക് തടസ്സം വരാതെ, കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായാണ് ആര്.ടി.പി.സി.ആര് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
മുമ്പ് തീരുമാനിച്ച ഡയാലിസിസ് കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ക്ക് നിര്‍ദ്ദേശം നല്കി. ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തില്‍ കൊറോണ കണ്ട്രോള് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ നാല് സര്‍ക്കാര്‍ ആസ്പത്രികളിലായി (ടാറ്റ കോവിഡ് ആസ്പത്രി, കാസര്‍കോട് മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി, കാസര്‍കോട് ജനറല്‍ ആസ്പത്രി) 376 ബെഡുകളാണ് ഉള്ളത്. നിലവില്‍ 200 ബെഡുകളില്‍ രോഗികളുണ്ട്. ടാറ്റ ആസ്പത്രിയിലും മെഡിക്കല്‍ കോളേജിലുമായി 12 വീതം 24 ഹൈപ്രഷര്‍ ഓക്സിജന്‍ ബെഡുകളും 12 ആംബുലന്‍സുകളുമാണ് ഉള്ളത്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ഇത് മതിയാകാതെ വരും. ഈ സാഹചര്യം തുടരുകയാണെങ്കില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. കോവിഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് പൊലീസിന്റെ പിന്തുണ ഉറപ്പ് നല്കി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോ-ചെയര്പേഴ്സന് ബേബി ബാലകൃഷ്ണന് നിര്‍ദേശം നല്കി.
ജില്ലയില്‍ രാത്രി ഒമ്പത് വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങളും കട കമ്പോളങ്ങളും പ്രവര്‍ത്തിക്കാവൂ. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഗ്ലൗസും മാസ്കും നിര്‍ബന്ധമായും ഉപയോഗിക്കണം. ജനങ്ങളോട് കൂടുതല്‍ അടുത്തിടപഴകുന്ന വ്യാപാരികള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്സി തൊഴിലാളികള്‍, സ്വകാര്യ-സര്‍ക്കാര്‍ ബസുകളിലെ ജീവനക്കാര്‍ എന്നിവര്‍ നിശ്ചിത ഇടവേളകളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ പൊതു പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും ര്‍.ടി.പി.സി.ആര് ടെസ്റ്റിന് വിധേയരാകണം. ജില്ലയില്‍ കോവിഡ് രൂക്ഷമായിരിക്കുകയാണെന്നും പൊതുജനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് പറഞ്ഞു. യോഗത്തില്‍ എ.ഡി.എം അതുല്‍ സ്വാമിനാഥ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, ചെയര്പേഴ്സന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.