മംഗളൂരു: വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കണ്ടെയ്നര്‍ ലോറിക്ക് പിറകിലിടിച്ച് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് പ്രസിഡണ്ടിനും മകനും ഗുരുതരമായി പരിക്കേറ്റു. ദാവനഗരെയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഹെരുരുവിലെ അശോക് ഷെട്ടി (58), മകന് പന്നാഗ (24) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ദാവനഗരെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അശോക് ഷെട്ടിയും പന്നാഗയും കാറിന്റെ മുന്‍സീറ്റിലാണ് ഉണ്ടായിരുന്നത്. കാറിലെ പിന്‍സീറ്റിലുണ്ടായിരുന്ന കുമാര്‍ എന്നയാള്‍ക്ക് നിസാര പരിക്കേറ്റു. അശോക് ഷെട്ടി കര്‍ണാടക സ്റ്റേറ്റ് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ കണ്‍വീനറാണ്. ബൈന്തൂരിലെ നവുണ്ടയിലുള്ള മാനസ സ്റ്റുഡിയോയുടെ ഉടമകൂടിയാണ് അശോക് ഷെട്ടി. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അശോക് ഷെട്ടിയും മകനും കുമാറിനൊപ്പം ദാവനഗരെയില്‍ പോയിരുന്നു. തിരികെ വരുമ്പോഴാണ് അപകടം നടന്നത്. അശോക് ഷെട്ടിയുടെ മകനാണ് കാര്‍ ഓടിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.