'ഇശല്‍ പ്രഭാതം' തരംഗമാവുന്നു, പി.എസ്.ഹമീദിന്റെ വരികള്‍ കേള്‍ക്കാന്‍ കാത്തിരുന്ന് പ്രമുഖര്‍

കാസര്‍കോട്: മാപ്പിളപ്പാട്ട് കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍മാല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചിന്തകളെ ഉണര്‍ത്തി എല്ലാ പ്രഭാതങ്ങളിലും മനോഹരമായ വരികളില്‍ കവി പി.എസ്.ഹമീദ് എഴുതുന്ന 'ഇശല്‍ പ്രഭാതം' കേരളമാകെ തരംഗമാവുന്നു. ഒരുമാസം പിന്നിട്ട ഇശല്‍ പ്രഭാതത്തില്‍ ഇന്ന് രാവിലെ ഷെയര്‍ ചെയ്ത അധ്യായം തിരഞ്ഞെടുപ്പിനെയും സഹജീവി സ്‌നേഹത്തെയും കുറിച്ചായിരുന്നു. ഹമീദിന്റെ വരികള്‍ മനോഹരമായ ശബ്ദത്തില്‍ അവതരിപ്പിക്കുന്നത് അഷ്‌റഫ് നാറാത്താണ്. ഇശല്‍മാലാ ഗ്രൂപ്പ് അഡ്മിന്‍ സുബൈര്‍ വെള്ളിയോടാണ് കോര്‍ഡിനേറ്റര്‍. ആയിരക്കണക്കിനാളുകള്‍ ദിനേന ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ഇശല്‍ പ്രഭാതത്തെ പ്രശംസിച്ച് കേരളത്തിലെ പ്രമുഖ […]

കാസര്‍കോട്: മാപ്പിളപ്പാട്ട് കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍മാല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചിന്തകളെ ഉണര്‍ത്തി എല്ലാ പ്രഭാതങ്ങളിലും മനോഹരമായ വരികളില്‍ കവി പി.എസ്.ഹമീദ് എഴുതുന്ന 'ഇശല്‍ പ്രഭാതം' കേരളമാകെ തരംഗമാവുന്നു. ഒരുമാസം പിന്നിട്ട ഇശല്‍ പ്രഭാതത്തില്‍ ഇന്ന് രാവിലെ ഷെയര്‍ ചെയ്ത അധ്യായം തിരഞ്ഞെടുപ്പിനെയും സഹജീവി സ്‌നേഹത്തെയും കുറിച്ചായിരുന്നു.
ഹമീദിന്റെ വരികള്‍ മനോഹരമായ ശബ്ദത്തില്‍ അവതരിപ്പിക്കുന്നത് അഷ്‌റഫ് നാറാത്താണ്. ഇശല്‍മാലാ ഗ്രൂപ്പ് അഡ്മിന്‍ സുബൈര്‍ വെള്ളിയോടാണ് കോര്‍ഡിനേറ്റര്‍. ആയിരക്കണക്കിനാളുകള്‍ ദിനേന ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്ന ഇശല്‍ പ്രഭാതത്തെ പ്രശംസിച്ച് കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ അടക്കം അഭിനന്ദനങ്ങള്‍ ചൊരിയുകയാണ്. ഇന്നത്തെ ഇശല്‍ പ്രഭാതത്തില്‍ പി.എസ് ഹമീദിന്റെ വാക്കുകള്‍ ഇങ്ങനെ:
'നടന്ന് നീങ്ങുന്ന നിഴല്‍ മാത്രമാണ് ജീവിതം. വില്ല്യം ഷേക്‌സിപിയറുടേതാണ് ഈ വാക്കുകള്‍. ഇതോര്‍ക്കാന്‍ കാരണമുണ്ട്. അത് വഴിയേ പറയാം. നമ്മുടെ നാട്ടില്‍ വീണ്ടുമൊരു വോട്ടെടുപ്പ് നടന്നു. ഇന്നലെ അതിന്റെ ഫലവും പുറത്ത് വന്നു.
ജയാരവങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. നമ്മുടെ കൂട്ടത്തില്‍ വോട്ട് ചെയ്തവരും ചെയ്യാത്തവരും ഉണ്ടാകും. അത്‌പോലെ ജയിച്ച് കയറിയവരും തോറ്റ് പോയവരും. ഇതിലൊന്നും ചേരാതെ ദൂരെ മാറി നിന്ന് മൗന വാല്‍മീകത്തില്‍ ഒതുങ്ങുന്നവരും കാണും. മനുഷ്യര്‍ അങ്ങനെയാണ്. മാനത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെപ്പോലെയാണവര്‍. ചിലതിന് തിളക്കമേറും. ചിലതിന് തിളക്കക്കുറവും. മറ്റ് ചിലതിനാകട്ടെ അതൊന്നുമുണ്ടാവില്ല, ഇരുട്ടായിരിക്കും അതിന്റെ വെളിച്ചം. വോട്ടിലേക്ക് തന്നെ വരാം. ഇതെഴുതുന്ന ആള്‍ വോട്ട് ചെയ്യാനെത്തിയ ബൂത്തില്‍ ഒരു ദുരന്തമുണ്ടായി. ഒരു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ ചെറുപ്പക്കാരന്‍ പെട്ടെന്ന് കുഴഞ്ഞ് വീഴുകയു ഉടന്‍ മരണപ്പെടുകയുമുണ്ടായി. തൊട്ടടുത്ത ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത ആരോഗ്യ ദൃഢഗാത്രനായിരുന്നു അദ്ദേഹം. ഏത് ചേരിക്കും കരുത്തായിരുന്നു ആ ചെറുപ്പക്കാരന്‍. ഏതൊരു സൗഹൃദക്കൂട്ടിനും സുഗന്ധമായിരുന്നു അയാള്‍. തനിക്ക് ശരി എന്ന് തോന്നുന്നത് ആരുടെ മുമ്പിലും വിളിച്ച് പറയാന്‍ മടിക്കാത്ത ധീരന്‍. യുവത്വത്തിന്റെ സര്‍വ്വ ചൈതന്യവും മേളിച്ചതായിരുന്നു ആ കോമളരൂപന്‍. പക്ഷെ അതൊന്നും ഫലവത്തായില്ല. അല്‍പ നിമിഷങ്ങള്‍ക്കകം എല്ലാം അവസാനിച്ചു.
അലംഘനീയമായ വിധിക്ക് മുന്നില്‍ ആരായാലും കീഴ്‌പ്പെട്ടേ മതിയാകൂ. ഇങ്ങനെ എത്രപേര്‍, എവിടെയെല്ലാം, ഇത് പോലെ ഫലപ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ വോട്ട് ദിവസം ഇവിടം വിട്ട് പോയിട്ടുണ്ടാകും.
ജീവിതത്തെ നിഴലിനോടുപമിച്ച ഷേക്‌സിപിയര്‍ മാത്രമല്ല, ഒരു മനുഷ്യനെ വിലയിരുത്താനുള്ള മികച്ച മാര്‍ഗം അവന്റെ സൗഹൃദങ്ങളുടെ കണക്കെടുപ്പാണെന്ന് പറഞ്ഞ ചാള്‍സ് ഡാര്‍വിനും ഓര്‍മ്മയില്‍ പ്രകാശം വിതറുന്നു. തിരഞ്ഞെടുപ്പുകള്‍ ഇനിയും വരും. ഭരണകൂടങ്ങള്‍ മാറിക്കൊണ്ടിരിക്കും. അതെല്ലാം അങ്ങനെ മാറാനും മാറ്റപ്പെടുത്താനും ഉള്ളതാണ്. എന്നാല്‍ സ്‌നേഹം, സൗഹൃദം, മനുഷ്യത്വം ഈ മൂല്യങ്ങളെല്ലാം ജീവിതകാലം മുഴുവനും മുറുകെപ്പിടിക്കാനുള്ളതാണ്.
'സ്‌നേഹമാണഖില സാരമൂഴിയില്‍' എന്നാണല്ലോ കവി പാടിയത്. 'മനുഷ്യരാകുന്ന കല്ലുകളെ സ്‌നേഹം കൊണ്ട് യോജിപ്പിച്ച് വീടുണ്ടാക്കുന്നവരെ ഈശ്വരന്‍ കാത്തിരിക്കുന്നു' എന്ന ടാഗോറിന്റെ വരികള്‍ എക്കാലത്തും പ്രസക്തം.'
അനുഗ്രഹീത കവി പി.ടി.അബ്ദുല്‍റഹ്‌മാന്റെ പടപ്പ് പടപ്പോട് എന്ന മനോഹരമായ വരികളോടെയാണ് പി.എസ്. ഹമീദ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles
Next Story
Share it