യുപിഐ വഴി പണം അയക്കാന്‍ ഇനി പിന്‍ ആവശ്യമില്ല, ഫെയ്സ് ഐഡിയും ഫിംഗര്‍പ്രിന്റും മതി; പുതിയ സംവിധാനം ഉടന്‍

അതിവേഗ ഇടപാടുകളും കൂടുതല്‍ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബയോമെട്രിക് പാസ്‌വേഡ് സംവിധാനം

ഇന്ത്യയില്‍ യുപിഐ പേയ്മെന്റുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കാനുള്ള സംവിധാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ ഇടപാടുകള്‍ക്ക് ബയോമെട്രിക് അധിഷ്ഠിത സംവിധാനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

യുപിഐ പിന്‍ നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് അവരുടെ വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്ന സംവിധാനമാണ് ഇത്. അതിവേഗ ഇടപാടുകളും കൂടുതല്‍ സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബയോമെട്രിക് പാസ്‌വേഡ് സംവിധാനം.

നിലവില്‍, യുപിഐ ഇടപാടുകള്‍ക്ക് 4 മുതല്‍ 6 അക്കമുള്ള പിന്‍ ആവശ്യമാണ്. പിന്‍ നമ്പര്‍ നല്‍കുന്നത് വഴി പണം നഷ്ടപ്പെടാതെ സുരക്ഷിതമാക്കാന്‍ കഴിയുന്നു. എന്നാല്‍ പുതിയ സംവിധാനം വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പാസ് വേഡുകള്‍ ഓര്‍മ്മിക്കുന്നതിനോ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നതിനോ ബുദ്ധിമുട്ടുന്നവര്‍ക്ക് ബയോമെട്രിക് സംവിധാനം വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ എളുപ്പമാകുമെന്നാണ് പ്ലൂട്ടോസ് വണ്ണിന്റെ സ്ഥാപകനും മാനേജിംഗ് പങ്കാളിയുമായ രോഹിത് മഹാജന്‍ പറയുന്നത്.

മാത്രമല്ല, പിന്‍ നമ്പറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൗതിക സവിശേഷതകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ മോഷ്ടിക്കാനോ പ്രയാസമുള്ളതിനാല്‍ ബയോമെട്രിക് സംവിധാനങ്ങള്‍ക്ക് തട്ടിപ്പ് കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ ആശയം പ്രാവര്‍ത്തികമായിട്ടില്ലെന്നും ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവിധാനം നടപ്പിലാക്കിയാല്‍, സ്വകാര്യതാ നടപടികളും ശരിയായ അടിസ്ഥാന സൗകര്യങ്ങളും പാലിക്കുന്നുണ്ടെന്ന് എന്‍പിസിഐ ഉറപ്പാക്കേണ്ടതുണ്ട്. ഫീച്ചര്‍ എങ്ങനെ പുറത്തിറക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍ വെരിഫിക്കേഷന്‍ നടന്നിട്ടുള്ള യുപിഐ ആപ്പുകളിലാണ് ആദ്യഘട്ടത്തില്‍ ബയോമെട്രിക് സംവിധാനം പരീക്ഷിക്കുന്നത്. തുടര്‍ന്ന് ഫോണ്‍പേ, ജിപേ, പേടിഎം പോലുള്ള പ്രധാന ആപ്പുകളിലും ബയോമെട്രിക് സംവിധാനമെത്തുമെന്നുമാണ് സൂചന.

അതേസമയം, ഓഗസ്റ്റ് 1 മുതല്‍ യുപിഐ പ്രവര്‍ത്തന രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താനും എന്‍പിസിഐ ഒരുങ്ങുന്നു. യുപിഐ ആപ്പുകള്‍ വഴി ഒരു ഉപയോക്താവിന് എത്ര തവണ അവരുടെ ബാങ്ക് ബാലന്‍സ് പരിശോധിക്കാമെന്നതിന്റെ പരിധിയാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഇത് ഇപ്പോള്‍ ഒരു ആപ്പില്‍ ഒരു ദിവസം 50 തവണയായി പരിമിതപ്പെടുത്തും. എന്നിരുന്നാലും, ഓരോ വിജയകരമായ ഇടപാടിനുശേഷവും ഉപയോക്താക്കള്‍ക്ക് അവരുടെ അപ്ഡേറ്റ് ചെയ്ത ബാങ്ക് ബാലന്‍സ് കാണാന്‍ കഴിയും, ഇത് ആവര്‍ത്തിച്ചുള്ള ബാലന്‍സ് പരിശോധനകളുടെ ആവശ്യകത കുറയ്ക്കും.

ഷെഡ്യൂള്‍ ചെയ്ത പേയ്മെന്റുകളാണ് മറ്റൊരു പ്രധാന മാറ്റം. പ്രതിമാസ ഇഎംഐകള്‍ അല്ലെങ്കില്‍ സബ്സ്‌ക്രിപ്ഷനുകള്‍ പോലുള്ള ഓട്ടോ-ഡെബിറ്റ് പേയ്മെന്റുകള്‍ രാവിലെ 10 മണിക്ക് മുമ്പോ രാത്രി 9:30 ന് ശേഷമോ ഉള്ള ഓഫ്-പീക്ക് സമയങ്ങളില്‍ മാത്രമേ പ്രോസസ്സ് ചെയ്യൂ. ഉയര്‍ന്ന ട്രാഫിക് സമയങ്ങളില്‍ സെര്‍വര്‍ ലോഡ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഒരു ദിവസം 25 തവണ മാത്രമേ വീണ്ടെടുക്കാന്‍ കഴിയൂ എന്നതാണ് മറ്റൊരു മാറ്റം. ഓരോ ശ്രമത്തിനും ഇടയില്‍ 90 സെക്കന്‍ഡ് ഇടവേളയോടെ മൂന്ന് തവണ മാത്രമേ പണമടയ്ക്കാത്ത ഇടപാടിന്റെ നില പരിശോധിക്കാനും കഴിയൂ.

Related Articles
Next Story
Share it