സേവന ചാര്‍ജുകളിലും ഫീസ് ഘടനകളിലും പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് എസ് ബി ഐ; പുതിയ നിരക്കുകള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
വിദ്യാഭ്യാസ പേയ്മെന്റുകള്‍, വാലറ്റ് ലോഡുകള്‍, കാര്‍ഡ് മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകും

മുംബൈ: സേവന ചാര്‍ജുകളിലും ഫീസ് ഘടനകളിലും പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് എസ് ബി ഐ. പുതിയ നിരക്കുകള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ പേയ്മെന്റുകള്‍, വാലറ്റ് ലോഡുകള്‍, കാര്‍ഡ് മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ ഇടപാടുകള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമാകും.
വിദ്യാഭ്യാസ പേയ്മെന്റുകള്‍ക്കുള്ള ഫീസ്
സ്‌കൂള്‍ അല്ലെങ്കില്‍ കോളേജ് ഫീസ് മൂന്നാം കക്ഷി ആപ്പുകള്‍ വഴി അടയ്ക്കുകയാണെങ്കില്‍, ഇടപാട് തുകയില്‍ നിന്ന് 1% ചാര്‍ജ് ഈടാക്കും.
എന്നിരുന്നാലും, സ്‌കൂള്‍, കോളേജ് അല്ലെങ്കില്‍ സര്‍വകലാശാലയുടെ വെബ്സൈറ്റിലോ പിഒഎസ് മെഷീന്‍ വഴിയോ പണമടച്ചാല്‍ നിരക്കുകളൊന്നും ഈടാക്കില്ലെന്ന് എസ്ബിഐ കാര്‍ഡ് വ്യക്തമാക്കി.
വാലറ്റ് ലോഡ് ചാര്‍ജുകള്‍
നിങ്ങളുടെ വാലറ്റിലേക്ക് 1,000 രൂപയില്‍ കൂടുതല്‍ ലോഡ് ചെയ്താല്‍ 1% ഫീസ് ബാധകമാകും. തിരഞ്ഞെടുത്ത മര്‍ച്ചന്റ് കോഡുകള്‍ക്ക് ഈ ഫീസ് ബാധകമാണ്.
മറ്റ് ചാര്‍ജുകള്‍
എസ്ബിഐ കാര്‍ഡ് അതിന്റെ പഴയ ചാര്‍ജുകളില്‍ ചിലത് തുടരുന്നുണ്ട്- ഇതില്‍ ക്യാഷ് പേയ്മെന്റ്, ചെക്ക് പേയ്മെന്റ്, കാര്‍ഡ് മാറ്റിസ്ഥാപിക്കല്‍, വൈകിയുള്ള പേയ്മെന്റ് ഫീസ് എന്നിവ ഉള്‍പ്പെടുന്നു.
ക്യാഷ് പേയ്മെന്റ് ഫീസ്: 250 രൂപ
പേയ്മെന്റ് ഡിഷോണര്‍ ഫീസ്: പേയ്മെന്റ് തുകയുടെ 2% (കുറഞ്ഞത് 500 രൂപ)
ചെക്ക് പേയ്മെന്റ് ഫീസ്: 200 രൂപ
ക്യാഷ് അഡ്വാന്‍സ് ഫീസ്: ഇടപാടിന്റെ 2.5% (കുറഞ്ഞത് 500 രൂപ)
കാര്‍ഡ് മാറ്റിസ്ഥാപിക്കല്‍ ഫീസ്: 100 രൂപ മുതല്‍ 250 രൂപ വരെ (ഓറം കാര്‍ഡുകള്‍ക്ക് 1,500 രൂപ)
വിദേശത്ത് അടിയന്തര കാര്‍ഡ് മാറ്റി സ്ഥാപിക്കല്‍: വിസ കാര്‍ഡുകള്‍ക്ക് 175 ഉം മാസ്റ്റര്‍ കാര്‍ഡിന് 148 ഉം
ലേറ്റ് പേയ്‌മെന്റ് ചാര്‍ജുകള്‍
നിശ്ചിത സമയത്തിനുള്ളില്‍ മിനിമം പേയ്‌മെന്റ് തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഈടാക്കുന്ന ലേറ്റ് ഫീസ് ഇങ്ങനെ: അടയ്‌ക്കേണ്ട തുക 500 രൂപ വരെയാണെങ്കില്‍ ചാര്‍ജ് ഉണ്ടാകില്ല. എന്നാല്‍, 500 രൂപ മുതല്‍ 1,000 രൂപ വരെയാണെങ്കില്‍ 400 രൂപയും, 1,000 രൂപ മുതല്‍ 10,000 രൂപ വരെയാണെങ്കില്‍ 750 രൂപയും, 10,000 രൂപ മുതല്‍ 25,000 രൂപ വരെയാണെങ്കില്‍ 950 രൂപയും, 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണെങ്കില്‍ 1,100 രൂപയും, 50,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ 1,300 രൂപയും ലേറ്റ് ഫീസ് ഈടാക്കും.
കൂടാതെ, തുടര്‍ച്ചയായ രണ്ട് ബില്ലിംഗ് സൈക്കിളുകള്‍ക്ക് MAD അടയ്ക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, 100 രൂപ അധികമായി ഈടാക്കും.
ഈ മാറ്റങ്ങള്‍ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ഏതൊക്കെ ഇടപാടുകള്‍ക്ക് ഏതൊക്കെ നിരക്കുകള്‍ ഈടാക്കുമെന്ന് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മികച്ച വിവരങ്ങള്‍ നല്‍കുമെന്നും SBI കാര്‍ഡ് പറയുന്നു.
എന്നിരുന്നാലും, അനാവശ്യ നിരക്കുകളോ പലിശയോ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ അവരുടെ കാര്‍ഡുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുകയും സമയബന്ധിതമായി പേയ്മെന്റുകള്‍ നടത്തുകയും വേണമെന്നും എസ്.ബി.ഐ നിര്‍ദേശിക്കുന്നു.

