വായ്പ നേരത്തെ തിരിച്ചടച്ചാല്‍ അധിക ചാര്‍ജോ, പിഴയോ ഏര്‍പ്പെടുത്തില്ല; സര്‍ക്കുലര്‍ പുറത്തിറക്കി ആര്‍.ബി.ഐ

ബാങ്കുകളില്‍ നിന്നും വായ്പ എടുത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. വ്യക്തിഗത വായ്പ എടുത്തവര്‍ അത് നേരത്തെ തിരിച്ചടയ്ക്കുകയാണെങ്കില്‍ അധിക ചാര്‍ജോ, പിഴയോ ഏര്‍പ്പെടുത്തുന്നതില്‍ നിന്നും ബാങ്കുകളെ വിലക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ട് റിസര്‍വ് ബാങ്ക്. ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി വ്യക്തിഗത വായ്പ എടുത്തവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കിയിരിക്കുന്നത്. ബാങ്കുകളുടെ ഉത്തരവാദിത്തമുള്ള വായ്പാ പെരുമാറ്റത്തിന്റെ ഭാഗമായിരിക്കും ഈ നിയമങ്ങള്‍.

വായ്പ എടുത്ത വ്യക്തി ഫ്‌ളോട്ടിംഗ് റേറ്റ് ലോണ്‍, വായ്പാ കാലാവധിക്ക് മുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ യാതൊരു ചാര്‍ജോ പിഴയോ ചുമത്താന്‍ പാടില്ലെന്ന നിയമമാണ് ആര്‍.ബി.ഐ നടപ്പാക്കുക. ഇതിന്റെ ഭാഗമായി പുതിയ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കരട് സര്‍ക്കുലര്‍ പുറത്തിറക്കി.

കരട് സര്‍ക്കുലറിനെ കുറിച്ച് ബാങ്കുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആര്‍.ബി.ഐ ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് 21 ന് അകം നിര്‍ദേശങ്ങള്‍ അയച്ചിരിക്കണം. ഈ അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാകും ഒരു അന്തിമ സര്‍ക്കുലര്‍ പുറപ്പെടുവിക്കുക..

സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില പ്രധാന വ്യവസ്ഥകള്‍:

1. ബിസിനസ് ഒഴികെയുള്ള ആവശ്യങ്ങള്‍ക്കായി അനുവദിച്ച എല്ലാ ഫ് ളോട്ടിംഗ് റേറ്റ് വായ്പകളുടെയും മുന്‍കൂര്‍ അടയ്ക്കല്‍, യാതൊരു ചാര്‍ജുകളോ പിഴകളോ ഈടാക്കാതെ ബാങ്കുകള്‍ അനുവദിക്കും.

2. ടയര്‍ 1, ടയര്‍ 2 പ്രൈമറി (അര്‍ബന്‍) സഹകരണ ബാങ്കുകളും വ്യക്തികള്‍ക്കും എം.എസ്.ഇ വായ്പക്കാര്‍ക്കും, ബിസിനസ് ആവശ്യങ്ങള്‍ക്കായി അനുവദിച്ച ഫ് ളോട്ടിംഗ് റേറ്റ് വായ്പകള്‍ കാലാവധി എത്തുന്നതിന് മുന്‍പ് അടച്ചുതീര്‍ത്താല്‍ യാതൊരു ചാര്‍ജുകളും/പിഴകളും ഈടാക്കില്ല.

3. ചെറുകിട, ഇടത്തരം സംരംഭ വായ്പക്കാരുടെ കാര്യത്തില്‍, ഓരോ വായ്പക്കാരനും അനുവദിച്ചിട്ടുള്ള 7.50 കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ഈ നിയമങ്ങള്‍ ബാധകമായിരിക്കും.

4. വായ്പ അടച്ചു തീര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന പണത്തിന്റെ ഉറവിടം - ഭാഗികമായോ പൂര്‍ണ്ണമായോ പരിഗണിക്കാതെ തന്നെ ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമായിരിക്കും.

5 കുറഞ്ഞ ലോക്ക്-ഇന്‍ കാലയളവ് നിശ്ചയിക്കാതെ തന്നെ ബാങ്കുകള്‍ വായ്പകളുടെ ഫോര്‍ക്ലോഷര്‍ അല്ലെങ്കില്‍ പ്രീ-പേയ്‌മെന്റ് അനുവദിക്കേണ്ടതാണ്.

Related Articles
Next Story
Share it