മരണമടഞ്ഞ ഉപഭോക്താക്കളുടെ ക്ലെയിം സെറ്റില്‍മെന്റിനായി ഏകീകൃത നടപടിക്രമം ഒരുക്കാന്‍ ആര്‍ബിഐ; 15 ദിവസത്തിനകം അവകാശിക്ക് പണം ലഭ്യമാക്കണം

കാലതാമസം എടുത്താന്‍ ബാങ്കുകള്‍ പിഴ നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: മരണപ്പെട്ട ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍, ലോക്കറുകള്‍, സേഫ് കസ്റ്റഡി ആര്‍ട്ടിക്കിളുകള്‍ എന്നിവയില്‍ നിന്ന് കുടുംബങ്ങള്‍ക്കോ നിയമപരമായ അവകാശികള്‍ക്കോ പണവും വിലപിടിപ്പുള്ള വസ്തുക്കളും ക്ലെയിം ചെയ്യുന്നത് എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിനായി ഏകീകൃത നടപടിക്രമം ഒരുക്കാന്‍ നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക് (ആര്‍ബിഐ).

അതിനായി ആര്‍ബിഐ 15 ദിവസത്തെ സമയപരിധിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ ലഭിച്ച ശേഷം നിശ്ചിത സമയ പരിധിക്കുള്ളില്‍ ബാങ്കുകള്‍ പണം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കാലതാമസം വന്നാല്‍ നോമിനികള്‍ക്കും നിയമപരമായ അവകാശികള്‍ക്കും നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥയും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇതിനുള്ള കരട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് ഓഗസ്റ്റ് 27 വരെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. 2026 ജനുവരി ഒന്നിനോ അതിന് മുമ്പോ ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം. ബാങ്കുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫോമുകള്‍ ഉപയോഗിക്കണമെന്നും അവ ബ്രാഞ്ചുകളിലും അവരുടെ വെബ് സൈറ്റുകളിലും ലഭ്യമാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ആവശ്യമായ രേഖകളുടെ പട്ടികയും ഘട്ടം ഘട്ടമായുള്ള ക്ലെയിം നടപടിക്രമങ്ങളും സഹിതമായിരിക്കണം ഇത് ലഭ്യമാക്കേണ്ടതെന്നും കരടില്‍ നിര്‍ദ്ദേശിക്കുന്നു.

അക്കൗണ്ട് ഉടമകള്‍ മരിച്ച് ഏറെനാളായിട്ടും നടപടിക്രമത്തിലെ അവ്യക്തതമൂലം അവകാശികള്‍ക്ക് ക്ലെയിം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണ് ഇത്തരമൊരു നിര്‍ദേശം ആര്‍.ബി.ഐ പുറപ്പെടുവിച്ചത്. അക്കൗണ്ടിലെ പണം ലഭിക്കാനും ലോക്കറിലെ വസ്തുക്കള്‍ ലഭിക്കാനുമായി അവകാശികള്‍ നല്‍കേണ്ട രേഖകള്‍, അപേക്ഷാഫോം, എന്നിവ ഏകീകൃതമായിരിക്കും. അവകാശിയെ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ ക്ലെയിം ഫോം, അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ്, നോമിനി, അവകാശിയുടെ തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ രേഖ എന്നിവ നല്‍കിയാല്‍ 15 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം.

നോമിനിയെ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ അവകാശിയെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കണം. ഹാജരാക്കേണ്ട രേഖകള്‍ സംബന്ധിച്ച് കരട് സര്‍ക്കുലറില്‍ പറയുന്നുണ്ട്. ക്ലെയിം അപേക്ഷ ലഭിച്ച് രേഖകളിലെ അവ്യക്തതമൂലം തീര്‍പ്പാക്കല്‍ വൈകുകയാണെങ്കില്‍ ബാങ്കുകള്‍ അക്കാര്യം രേഖാമൂലം അറിയിച്ച് കഴിവതും വേഗം പുതിയ രേഖകള്‍ വാങ്ങി പ്രശ്നം പരിഹരിക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നു.

ബാങ്കുകള്‍ ഒത്തുതീര്‍പ്പുകള്‍ വൈകിപ്പിച്ചാല്‍, അവര്‍ പിഴകള്‍ നല്‍കേണ്ടിവരും. ഇത് ബാങ്ക് നിരക്കില്‍ മൊത്തം പലിശയും നിക്ഷേപ ക്ലെയിമുകള്‍ക്ക് പ്രതിവര്‍ഷം 4 ശതമാനവും ആയിരിക്കും. ലോക്കറുകളുടെ കാര്യത്തില്‍, ബാങ്കുകള്‍ പ്രതിദിനം 5,000 രൂപ നല്‍കേണ്ടിവരും.

Related Articles
Next Story
Share it