റിപ്പോ റേറ്റില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ; പണപ്പെരുപ്പത്തിനിടയിലും 6.5% ആയി തുടരും

പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍.ബി.ഐ

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പം വലിയ തോതില്‍ ഉയരുമ്പോഴും റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് പണനയം പ്രഖ്യാപിച്ചുകൊണ്ട് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇത് പതിനൊന്നാം തവണയാണ് റിപ്പോ റേറ്റ് മാറ്റമില്ലാതെ തുടരുന്നത്. 2023 ഫെബ്രുവരിയിലാണ് റിപ്പോ റേറ്റ് 6.5 ശതമാനമായി നിശ്ചയിച്ചത്. പിന്നീട് മാറ്റമുണ്ടായില്ല. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതിക്ക് അനുകൂലമായി നിലകൊള്ളുന്നതിന് വേണ്ടിയാണ് റിപ്പോ റേറ്റ് 6.5 ശതമാനത്തില്‍ തുടരുന്നതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് 6.25 ശതമാനത്തിലും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് 6.75 ശതമാനത്തിലും തുടരാനാണ് ആര്‍.ബി.ഐ തീരുമാനം. ക്യാഷ് റിസര്‍വ് റേഷ്യോ 4.5 ശതമാനത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡ് റേഷ്യോ 18 ശതമാനത്തിലും നിലകൊള്ളും. അതേസമയം രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് പ്രവചനം.

ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയാനും ഇല്ലാതാക്കാനും ബംഗളൂരുവിലെ റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ്ബില്‍ എ.ഐ സാങ്കേതിക വിദ്യയോടെ നിര്‍മിച്ച മ്യൂള്‍ ഹണ്ടര്‍ മോഡല്‍ ഉപയോഗപ്പെടുത്തും. ഇത് ബാങ്കുകള്‍ക്ക് തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കുമെന്നും ആര്‍.ബി.ഐയുടെ പണനയ കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ വ്യക്തമാക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it