യു.പി.ഐ ഇടപാടുകളില്‍ നാളെ മുതല്‍ മാറ്റം; തീരുമാനവുമായി ആര്‍.ബി.ഐ

മുംബൈ; യു.പി.ഐ ഇടപാടുകളില്‍ ഉപയോക്തക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ മാറ്റങ്ങള്‍ ജനുവരി 1 മുതല്‍ നിലവില്‍ വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പരിഷ്‌കരണ നിര്‍ദേശവുമായി രംഗത്ത് വന്നത്. വിവിധ യു.പി.ഐ ഇടപാടുകള്‍ക്കുള്ള പരിധി വര്‍ധിപ്പിക്കുന്നതാണ് എടുത്ത് പറയേണ്ട മാറ്റം. യു.പി.ഐയിലൂടെ മുമ്പ് അയച്ചതിനേക്കാള്‍ കൂടുതല്‍ പണം അയക്കാനുള്ള സൗകര്യം നിലവില്‍ വരും.

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സേവനമായ UPI123Pay- യിലൂടെയുള്ള ഇടപാടുകളില്‍ ഉണ്ടായിരുന്ന പരിധി ആര്‍.ബി.ഐ വര്‍ധിപ്പിച്ചു. നിലവിലെ ഇടപാടിന് 2024 ഡിസംബര്‍ 31 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്, ഈ സമയപരിധി നീട്ടിയില്ലെങ്കില്‍, ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് UPI123Pay വഴി നേരത്തെ ഉണ്ടായിരുന്ന 5000 രൂപയുടെ ഇടപാട് പരിധിയില്‍ നിന്ന് പ്രതിദിനം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താനാകും.UPI123Pay ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ മറ്റേതെങ്കിലും UPI ഉപയോക്താവിന് 10,000 രൂപ വരെ കൈമാറാന്‍ കഴിയും. അതേസമയം ഫോണ്‍പേ, പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധി മാറ്റമില്ലാതെ തുടരും. പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ അനുവദിക്കുന്നത് തുടരും. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും സമാനമായ സാഹചര്യങ്ങള്‍ക്കും ഈ പരിധി 5 ലക്ഷം രൂപ വരെ ഉയര്‍ത്തിയതും ശ്രദ്ധേയമാണ്.

ഈ വര്‍ഷം ആരംഭിച്ച യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍ പുതുവര്‍ഷത്തില്‍ ഭീം ല്‍ മാത്രമല്ല മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍, BHIM ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് UPI സര്‍ക്കിള്‍ പ്രയോജനപ്പെടുത്താം, ഇത് ഡെലിഗേറ്റഡ് പേയ്മെന്റുകള്‍ക്കായി കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേര്‍ക്കാന്‍ അനുവദിക്കുന്നുണ്ട്. യുപിഐ സര്‍ക്കിളില്‍ ചേര്‍ത്തിട്ടുള്ള സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ആവശ്യമില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും. എന്നിരുന്നാലും, പ്രാഥമിക ഉപയോക്താക്കള്‍ ഓരോ പേയ്മെന്റിനും അംഗീകാരം നല്‍കണം. ഒപ്പം ദ്വിതീയ ഉപയോക്താക്കള്‍ക്ക് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം

അതേസമയം, ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ 15,537 കോടി യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസിന്റെ (യുപിഐ) ഇടപാടുകള്‍ നടന്നതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഇടപാടുകളുടെ ആകെ മൂല്യം 223 ലക്ഷം കോടി രൂപയാണെന്നതും കണക്കിലുണ്ട്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it