ബാലന്‍സ് പരിശോധന ഇനി എളുപ്പമാകും; പാസ്ബുക്ക് ലൈറ്റ് പുറത്തിറക്കി ഇ.പി.എഫ്.ഒ

ഇ.പി.എഫ്.ഒ 3.0 പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാനുള്ള സംവിധാനമൊരുക്കി ഇ.പി.എഫ്.ഒ. ഇ.പി.എഫ്.ഒയുടെ പോര്‍ട്ടലില്‍ 'പാസ്ബുക്ക് ലൈറ്റ്' എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) അംഗങ്ങളുടെ ജീവിതം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. വേഗത്തിലുള്ള ബാലന്‍സ് പരിശോധനകള്‍ക്കും ജോലി മാറ്റുന്നവര്‍ക്കുള്ള നിര്‍ണായക ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റായ അനക്‌സര്‍ കെയിലേക്കുള്ള ഓണ്‍ലൈന്‍ ആക്സസിനും വേണ്ടിയുള്ളതാണ് പാസ്ബുക്ക് ലൈറ്റ്. ഇ.പി.എഫ്.ഒ 3.0 പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.

സുതാര്യത മെച്ചപ്പെടുത്തുന്നതിനും പരാതികള്‍ കുറയ്ക്കുന്നതിനും പിഎഫ് വിശദാംശങ്ങളിലേക്കുള്ള ആക്സസ് ലളിതമാക്കുന്നതിനുമാണ് ഈ മാറ്റങ്ങള്‍ ഒരുമിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. അംഗങ്ങള്‍ക്ക് 'സമ്മറി' എളുപ്പം പരിശോധിക്കാന്‍ കഴിയുന്നവിധമാണ് 'പാസ്ബുക്ക് ലൈറ്റ്' ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഇ.പി.എഫ്.ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ വഴിയാണ് അംഗങ്ങള്‍ സംഭാവനകളും ഇടപാടുകളും പിന്‍വലിക്കലുമെല്ലാം പരിശോധിക്കുന്നത്. എന്നാല്‍ ഇനി പാസ്ബുക്ക് ലൈറ്റില്‍ കയറി എളുപ്പം പരിശോധിക്കാം. അതേസമയം, സമഗ്രമായ വിവരങ്ങള്‍ക്ക് പാസ്ബുക്ക് പോര്‍ട്ടലില്‍ത്തന്നെ കയറണം.

ജോലിമാറുന്നവര്‍ക്ക് പിഎഫ് അക്കൗണ്ടുകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതും എളുപ്പമാക്കി. നിലവില്‍ ഫോം 13 വഴി ഓണ്‍ലൈനിലാണ് ഇത് ചെയ്തിരുന്നത്. അതിനുശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (അനക്ഷര്‍ കെ) പഴയ പിഎഫ് ഒഫീസില്‍നിന്ന് പുതിയതിലേക്ക് അയക്കും. അതായത് നിലവില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പിഎഫ് ഓഫീസുകള്‍ തമ്മില്‍ മാത്രമേ കൈമാറൂ.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. എന്നാല്‍, ഇനി ഓണ്‍ലൈനായി അംഗങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. ഇതുവഴി അക്കൗണ്ട് മാറ്റാനുള്ള അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനാകും.

2.7 കോടിയിലധികം സജീവ ഇ.പി.എഫ്.ഒ ഉപയോക്താക്കള്‍ക്ക്, രണ്ട് മാറ്റങ്ങളും കൂടുതല്‍ നിയന്ത്രണവും സുതാര്യതയും ഉറപ്പുനല്‍കുന്നു. പാസ് ബുക്ക് ലൈറ്റ് അംഗങ്ങളെ അവരുടെ പണം എളുപ്പത്തില്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്നു, അതേസമയം അനുബന്ധം കെ ആക്സസ് പിഎഫ് കൈമാറ്റങ്ങളെക്കുറിച്ചുള്ള അവ്യക്തത ഇല്ലാതാക്കുന്നു.

Related Articles
Next Story
Share it