ഇന്ത്യയിലെ ആദ്യത്തെ ലേണിംഗ് ആക്‌സിലറേറ്റര്‍ പുറത്തിറക്കി ഓപ്പണ്‍ എഐ

ഇതോടെ ഈ സംരംഭത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ലേണിംഗ് ആക്‌സിലറേറ്റര്‍ പുറത്തിറക്കി ഓപ്പണ്‍ എഐ. ഇതോടെ ഈ സംരംഭത്തിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇന്ത്യന്‍ പാഠ്യപദ്ധതിയിലും പ്രാദേശിക ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ഓപ്പണ്‍ എഐയുടെ ലേണിംഗ് ആക്സിലറേറ്റര്‍ പ്രോഗ്രാം.

ഇന്ത്യന്‍ പാഠ്യപദ്ധതിക്ക് അനുസൃതമായി ഉയര്‍ന്ന നിലവാരമുള്ള ഉത്തരങ്ങള്‍ നല്‍കുന്നതിനാണ് ചാറ്റ് ജിപിടിയുടെ പുതിയ പഠന രീതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ഓപ്പണ്‍ എഐ ലേണിംഗ് ആക്‌സിലറേറ്ററിന്റെ ഉദ് ഘാടന വേളയില്‍ വച്ച് ഓപ്പണ്‍ എഐയുടെ വൈസ് പ്രസിഡന്റ് (എഡ്യുക്കേഷന്‍) ലിയ ബെല്‍സ്‌കി പറഞ്ഞു. വരുംകാലത്ത് തങ്ങളുടെ മോഡലുകള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി അവരുടെ ഭാഷകളിലും പഠന സന്ദര്‍ഭങ്ങളിലും കൂടുതല്‍ ഫലപ്രദമായി ആശയവിനിമയം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

ലേണിംഗ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ഐഐടി മദ്രാസുമായി 500,000 ഡോളര്‍ ധനസഹായത്തോടെ ഒരു ഗവേഷണ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പഠന ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, നൂതനമായ അധ്യാപനത്തെ പിന്തുണയ്ക്കുന്നതിനും, കോഗ് നിറ്റീവ് ന്യൂറോ സയന്‍സില്‍ നിന്നുള്ള അറിവ് വിദ്യാഭ്യാസത്തില്‍ പ്രയോഗിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ സഹായിക്കും എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല പഠനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

അടുത്ത ആറ് മാസത്തിനുള്ളില്‍, വിദ്യാഭ്യാസ മന്ത്രാലയം, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (AICTE), ARISE എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏകദേശം അര ദശലക്ഷം ChatGPT ലൈസന്‍സുകള്‍ വിതരണം ചെയ്യാനും പരിശീലനം നടത്താനും ഓപ്പണ്‍ എഐ പദ്ധതിയിടുന്നു.

കൂടാതെ, പരീക്ഷകളിലും അസൈന്‍മെന്റുകളിലും ക്ലാസുകളിലും എഐ അധിഷ്ഠിത പഠനം സംയോജിപ്പിക്കാന്‍ സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരുകളെയും വിദ്യാഭ്യാസ ബോര്‍ഡുകളെയും ഈ പരിപാടി സഹായിക്കും.

ഇന്ത്യയിലെ 300 ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്‍കുന്നതിന് വിഭവങ്ങളും ഗുണനിലവാരവും തമ്മിലുള്ള വിടവ് നികത്താന്‍ ഇതിന് കഴിയുമെന്നും അദേഹം പറഞ്ഞു. കൂടാതെ, പാഠങ്ങള്‍ വ്യക്തിഗതമാക്കുന്നതിനും, അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനും, ക്ലാസ് റൂം അധ്യാപനം കൂടുതല്‍ ഫലപ്രദമാക്കുന്നതിനും എഐ ടൂളുകള്‍ ഉപയോഗിക്കാന്‍ അധ്യാപകരെ പരിശീലിപ്പിക്കാന്‍ ഈ പ്രോഗ്രാം സഹായിക്കും.

'ചാറ്റ് ജിപിടി ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പഠന പ്ലാറ്റ് ഫോമുകളില്‍ ഒന്നാണ്. 'ഇന്ത്യയിലെ ഞങ്ങളുടെ ഉപയോക്താക്കളില്‍ 50% ത്തിലധികം പേര്‍ 24 വയസ്സിന് താഴെയുള്ളവരാണ്, അതിനാല്‍ വിദ്യാര്‍ത്ഥികളാണ് എ ഐ യുടെ ഒരു പ്രധാന പ്രേക്ഷകര്‍,' എന്നും അവര്‍ പറഞ്ഞു.

ഇന്ത്യയിലുടനീളമുള്ള വിദ്യാഭ്യാസ മേധാവിയായി ഓപ്പണ്‍ എഐ രാഘവ് ഗുപ്തയെ ആണ് നിയമിച്ചത്. ഇന്ത്യയിലുടനീളമുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസ ഗവേഷകര്‍ക്കും ഓപ്പണ്‍ എഐയുടെ ഉപകരണങ്ങള്‍ കൂടുതല്‍ ആക്സസ് ചെയ്യുന്നതിനായി അദ്ദേഹം പ്രവര്‍ത്തിക്കും എന്നും ലിയ ബെല്‍സ്‌കി പറഞ്ഞു.

Related Articles
Next Story
Share it