വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ്; യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയിലെ ഒരുവിഭാഗം വ്യാപാരികള്‍
ജൂലൈ 23 മുതല്‍ 25 വരെ മൂന്ന് ദിവസത്തെ ഘട്ടം ഘട്ടമായുള്ള പ്രതിഷേധം നടത്താനും തീരുമാനം

ബെംഗളൂരു: നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാണിജ്യനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുപിഐ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി കര്‍ണാടകയിലെ ഒരുവിഭാഗം വ്യാപാരികള്‍. നിലവില്‍ കറന്‍സി മാത്രമാണ് ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്നത്. 13,000 ഓളം ചെറുകിട വ്യാപാരികള്‍ക്കാണ് കര്‍ണാടക സംസ്ഥാന വാണിജ്യനികുതി വകുപ്പ് നോട്ടിസ് അയച്ചത്. ഇതോടെ പല വ്യാപാരികളും കടകളില്‍ 'യുപിഐ ഇല്ല' എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. യുപിഐ സ്വീകരിക്കുന്നത് നിര്‍ത്തിയത് പലരുടെയും കച്ചവടത്തെയും ബാധിച്ചിട്ടുണ്ട്.
ഒരു സാമ്പത്തികവര്‍ഷം 40 ലക്ഷം രൂപയിലധികം വിറ്റുവരവുള്ളവര്‍ ജി.എസ്.ടി റജിസ്‌ട്രേഷന്‍ എടുക്കണമെന്നാണ് ചട്ടം. നിരവധി വ്യാപാരികളുടെ യുപിഐ ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ വിറ്റുവരവ് ഇതിലും അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണം തേടി നോട്ടിസ് അയച്ചത്. യുപിഐ സേവനദാതാക്കളില്‍ നിന്ന് 2021-22 മുതല്‍ 2024-25 വരെയുള്ള ഇടപാട് കണക്കുകളാണ് വാണിജ്യനികുതി വകുപ്പ് ശേഖരിച്ചത്. വിറ്റുവരവ് പരിധി 40 ലക്ഷം രൂപ കടന്ന 14,000 വ്യാപാരികളെ വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.
നോട്ടിസ് ലഭിക്കാത്ത കച്ചവടക്കാര്‍ പോലും യുപിഐ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ബഹിഷ്‌കരിച്ചുതുടങ്ങിയത് ഡിജിറ്റല്‍ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കെആര്‍ മാര്‍ക്കറ്റ്, ശിവാജിനഗര്‍, ഹൊറമാവ് തുടങ്ങിയ ജനപ്രിയ പ്രദേശങ്ങളിലെ ഭക്ഷണ വണ്ടികളില്‍ നിന്നും റോഡരികിലെ സ്റ്റാളുകളില്‍ നിന്നും ക്യുആര്‍ കോഡുകള്‍ അപ്രത്യക്ഷമായി. യുപിഐ ഇടപാടുകള്‍ നിരസിച്ചുകൊണ്ട് കച്ചവടക്കാര്‍ കടകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതായും ന്യൂസ് കര്‍ണാടക റിപ്പോര്‍ട്ട് ചെയ്തു.
ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമായിരിക്കെയാണ് വ്യാപാരികള്‍ക്കിടയില്‍ പൊടുന്നനെയുള്ള ബഹിഷ്‌കരണമെന്നത് വിപണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നു. കര്‍ണാടകയുടെ ചുവടുപിടിച്ച് ആന്ധ്രപ്രദേശ്, തമിഴ് നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ നികുതി വകുപ്പുകളും വ്യാപാരികളുടെ യുപിഐ ഇടപാട് വിവരങ്ങള്‍ തേടിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മര്‍ച്ചന്റ് പേയ്‌മെന്റ് യുപിഐ ഇടപാടുകള്‍ നടക്കുന്നത് കര്‍ണാടകയിലാണ്. ജൂണില്‍ ഇന്ത്യയിലാകെ 1,839.5 കോടി ഇടപാടുകളിലായി 24.03 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. നോട്ടീസ് നല്‍കിയതിന് പിന്നാലെ കര്‍ണാടകയില്‍ ജൂലൈ 23 മുതല്‍ 25 വരെ മൂന്ന് ദിവസത്തെ ഘട്ടം ഘട്ടമായുള്ള പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ്.