സെപ്റ്റംബര്‍ 22-ന് പുതിയ ജി.എസ്.ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്

നിലവിലുള്ള നാല് സ്ലാബ് ഘടനയില്‍ നിന്ന് 12% ഉം 28% ഉം ഒഴിവാക്കി പുതിയ രണ്ട് നിരക്ക് ഘടനയിലേക്ക് മാറാന്‍ ആണ് പദ്ധതി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 22-ന് സര്‍ക്കാര്‍ പുതിയ ജി.എസ്.ടി നികുതി സ്ലാബുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 3-4 തീയതികളില്‍ ഡല്‍ഹിയില്‍ ചേരുന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ സെപ്റ്റംബര്‍ 22-ന് പുതിയ ജി.എസ്.ടി നികുതി സ്ലാബുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി ആണ് റിപ്പോര്‍ട്ട് ചെയ്തത്.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ ജി.എസ്.ടി നിരക്കുകള്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തുടനീളം നികുതി ഭാരം കുറയ്ക്കുന്ന 'അടുത്ത തലമുറ' ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് 79-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

'സാധാരണക്കാരുടെ മേലുള്ള നികുതി ഭാരം കുറയ്ക്കുന്ന അടുത്ത തലമുറ ജി.എസ്.ടി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഇത് നിങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമായിരിക്കും,' എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

കേന്ദ്രം നിര്‍ദ്ദേശിച്ച ലളിതവല്‍ക്കരിച്ച 5%, 18% എന്നീ രണ്ട്-ടയര്‍ ജി.എസ്.ടി നികുതി സ്ലാബിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തിന് പുറമെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും.

ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തിന് ഏകദേശം അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വിജ്ഞാപനങ്ങള്‍ പുറത്തിറങ്ങാന്‍ തുടങ്ങുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ വരുന്ന ഗണേശ ചതുര്‍ത്ഥിയും ഓണവുമാണ് ഉത്സവകാലത്തിന്റെ തുടക്കം കുറിക്കുന്നത്. ഇത് ക്രിസ്മസ് വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് കമ്പനികള്‍ക്ക് മികച്ച വില്‍പ്പന ലഭിക്കാറുണ്ട്.

നിലവിലുള്ള നാല് സ്ലാബ് ഘടനയില്‍ നിന്ന് 12% ഉം 28% ഉം ഒഴിവാക്കി പുതിയ രണ്ട് നിരക്ക് ഘടനയിലേക്ക് മാറാന്‍ ആണ് പദ്ധതി. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, 12% സ്ലാബിലുള്ള മിക്ക ഉത്പന്നങ്ങളും 5% ലേക്ക് മാറ്റും. 28% സ്ലാബിലുള്ള പല ഉത്പന്നങ്ങളും 18% ലേക്ക് മാറും. അതേസമയം, ഉയര്‍ന്ന വിലയുള്ള കാറുകള്‍, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയ ചില സാധനങ്ങള്‍ക്ക് 40% എന്ന പുതിയ നികുതി സ്ലാബ് ഏര്‍പ്പെടുത്തിയേക്കും.

കാറുകളും പുകയിലയും ഉള്‍പ്പെടെ 28% സ്ലാബിലുള്ള ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ചുമത്തുന്ന ജി.എസ്.ടി കോമ്പന്‍സേഷന്‍ സെസ് ഒഴിവാക്കാനും സാധ്യതയുണ്ട്. എസ്.യു.വി.കള്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ക്ക് ഇതിലൂടെ കാര്യമായ നികുതിയിളവ് ലഭിക്കും.

Related Articles
Next Story
Share it