മോദിയോ മുകേഷ് അംബാനിയോ: ആരെ തിരഞ്ഞെടുക്കും; നിത അംബാനിയുടെ മറുപടി

ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സ് 2025ന്റെ വേദിയിലെത്തിയ റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ നിത അംബാനി റാപ്പിഡ് ഫയര്‍ ഇന്റര്‍വ്യൂവില്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മറ്റ് കാര്യങ്ങള്‍ക്കൊപ്പം ഭര്‍ത്താവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആരെ തിരഞ്ഞെടുക്കും എന്നതായിരുന്നു റാപ്പിഡ് ചോദ്യത്തിലൊന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് അനുയോജ്യനെന്നും ഭര്‍ത്താവ് മുകേഷ് എന്റെ വീടിന് അനുയോജ്യനെന്നുമായിരുന്നു നിത അംബാനിയുടെ മറുപടി. നിതയുടെ മറുപടി ഇന്‍സ്റ്റഗ്രാമില്‍ വൈറലായി. പെട്ടെന്ന് നല്‍കിയ മറുപടിയെ പ്രശംസിച്ചാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.
ഫെബ്രുവരി 15, 16 തീയതികളിലാണ് ഹാര്‍വാര്‍ഡ് ഇന്ത്യ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ഒരു സംരംഭവും ഇന്ത്യന്‍ ബിസിനസ്സ്, നയം, സംസ്‌കാരം എന്നിവ ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണ്. ഗ്രാമീണ പരിവര്‍ത്തനം, സ്ത്രീശാക്തീകരണം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, കല, നഗരനവീകരണം തുടങ്ങി വിവിധ മേഖലകളില്‍ നിരവധി ജീവിതങ്ങളെ സ്വാധീനിച്ച വ്യക്തിത്വമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നിത അംബാനിയെ കോണ്‍ഫറന്‍സിലേക്ക് സംഘാടകര്‍ ക്ഷണിച്ചത്.