ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് മണിക്കൂറുകള്‍ മാത്രം; സമയ പരിധി ഇനിയും നീട്ടുമോ?
സമയ പരിധി അവസാനിച്ചാല്‍ നികുതിദായകര്‍ക്ക് പിഴകള്‍ നേരിടേണ്ടിവരും

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍)സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. 2025 സെപ്റ്റംബര്‍ 15 വരെയാണ് ധനകാര്യ മന്ത്രാലയം സമയം അനുവദിച്ചിരുന്നത്. തീയതി അടുത്തുവരവെ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നികുതിദായകരെ ഓര്‍മ്മപ്പെടുത്തുകയാണ് ധനകാര്യ മന്ത്രാലയം. സമയ പരിധി അവസാനിച്ചാല്‍ നികുതിദായകര്‍ക്ക് പിഴകള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
നേരത്തെ ജൂലൈ 31 ആയിരുന്നു അവസാന തീയതി. പിന്നീട് വിവിധ കാരണങ്ങളാല്‍ അത് നീട്ടുകയായിരുന്നു. പുതുക്കിയ സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ ഇതിനകം തന്നെ 45 ദിവസം നല്‍കിയതിനാല്‍, കൂടുതല്‍ സമയം നല്‍കാനുള്ള സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന് മുമ്പും ധനമന്ത്രാലയം കാലാവധി നീട്ടിനല്‍കിയിരുന്നു. ഇക്കാര്യവും ഉയര്‍ത്തി കാട്ടും.
ആദായനികുതി പോര്‍ട്ടലിലെ തകരാറുകള്‍, ഐടിആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ വാദിക്കുന്നു.
വ്യക്തികളെയും സ്ഥാപനങ്ങളെയും അവരുടെ വരുമാനം പ്രഖ്യാപിക്കാനും, അടച്ച നികുതികള്‍ റിപ്പോര്‍ട്ട് ചെയ്യാനും, റീഫണ്ടുകള്‍ ക്ലെയിം ചെയ്യാനും പ്രാപ്തമാക്കുന്നതാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍. സമയബന്ധിതമായി ഫയല്‍ ചെയ്യുന്നത് പിഴകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു, റീഫണ്ടുകളുടെ വേഗത്തിലുള്ള പ്രോസസ്സിംഗ് ഉറപ്പാക്കുന്നു, കൂടാതെ വായ്പകള്‍ ലഭിക്കുന്നതിനും വിസ ലഭിക്കുന്നതിനും മറ്റ് സാമ്പത്തിക ആവശ്യകതകള്‍ നിറവേറ്റുന്നതിനുമുള്ള ഔദ്യോഗിക സാമ്പത്തിക രേഖയായും ഇത് പ്രവര്‍ത്തിക്കുന്നു,' .
2025 സെപ്റ്റംബര്‍ 8 ലെ കണക്കനുസരിച്ച് ആദായനികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2025-26 വര്‍ഷത്തില്‍, 13.37 കോടി വ്യക്തിഗത രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നിന്ന് 5 കോടി വരെ റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 4.72 കോടിയിലധികം റിട്ടേണുകള്‍ പരിശോധിച്ചു, 3.39 കോടിയിലധികം റിട്ടേണുകള്‍ പ്രോസസ്സ് ചെയ്തു.
കഴിഞ്ഞ രണ്ട് അസസ്മെന്റ് വര്‍ഷങ്ങളിലായി ഫയല്‍ ചെയ്ത ഐടിആറുകളുടെ കാര്യത്തില്‍, സിബിഡിടി ഡാറ്റയെ പരാമര്‍ശിക്കുന്ന ധനകാര്യ മന്ത്രാലയ രേഖയില്‍, 2024-25 വര്‍ഷത്തില്‍, 2024 ജൂലൈ 31 വരെ 7.28 കോടി ഐടിആറുകള്‍ ഫയല്‍ ചെയ്യപ്പെട്ടു, 2023-24 വര്‍ഷത്തില്‍ ഇത് 6.77 കോടിയായിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 7.5% വളര്‍ച്ചയാണ് ഇത് രേഖപ്പെടുത്തിയത്.
കാലാവധി കഴിഞ്ഞ് സമര്‍പ്പിക്കുന്ന ഐടിആര്‍ ഫയലിംഗ് ഫീസ് നിരക്ക്
സമയപരിധിക്ക് ശേഷം റിട്ടേണ്‍ സമര്‍പ്പിച്ചാല്‍, നികുതിദായകന്‍ വൈകിയ ഫയലിംഗ് ഫീസ് നല്‍കേണ്ടതുണ്ട്. നിശ്ചിത തീയതിക്ക് ശേഷം സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക്, 5,000 രൂപയാണ് ഫീസ്. എന്നാല്‍ മൊത്തം വരുമാനം 5 ലക്ഷം രൂപയില്‍ കുറവാണെങ്കില്‍ ഫീസ് 1,000 രൂപയായി പരിമിതപ്പെടുത്തുന്നു.
വൈകിയ ഫയലിംഗ് ചെലവിന് പുറമേ, കുടിശ്ശികയുള്ള നികുതി തുകയില്‍ നിന്ന് ആദായനികുതി വകുപ്പ് അതിന്റെ ഒരു ഭാഗത്തിന്റെ 1% പ്രതിമാസ പലിശ നിരക്കും ഈടാക്കുന്നു.