ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന: 4 പ്രമുഖ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്
വില്‍പ്പന ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി

ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ വാങ്ങാന്‍ നാല് പ്രമുഖ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയതായി റിപ്പോര്‍ട്ട്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തിങ്കളാഴ്ച ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ 6% ത്തിലധികം നേട്ടമുണ്ടാക്കിയതായും ഇത് കടുത്ത മത്സരത്തിന് കാരണമായേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് കൈവശം വച്ചിരിക്കുന്ന 60.7% ഓഹരികള്‍ ഏറ്റെടുക്കാന്‍ നാല് കമ്പനികള്‍ ശ്രമിക്കും. 2021 ല്‍ ആദ്യമായി പ്രഖ്യാപിച്ച ഓഹരി വില്‍പ്പന പദ്ധതി 2022 ഒക്ടോബറില്‍ ഔദ്യോഗികമായി ആരംഭിച്ചു.
ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഈ വര്‍ഷം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. ഐഡിബിഐ ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്. എല്‍ഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. ഇരുവര്‍ക്കുംകൂടി 94.72%.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിരുന്ന സ്വകാര്യ ബാങ്കായ ഐഡിബിഐ ബാങ്കിനെ കരകയറ്റുന്ന നടപടികളുടെ ഭാഗമായി ആയിരുന്നു കേന്ദ്രവും എല്‍ഐസിയും ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഏറ്റെടുത്തത്. ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്ന ഐഡിബിഐ പിന്നീട് ബാങ്കായി മാറുകയായിരുന്നു. സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സര്‍ക്കാരിന് വില്‍ക്കാം. ഇതില്‍ സര്‍ക്കാരിന്റെ 30.5% വിഹിതവും എല്‍ഐസിയുടെ 30.2% വിഹിതവും ഉള്‍പ്പെടുന്നു. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും.
മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് പ്രകാരം ദുബായിയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എന്‍ബിഡി, ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യുഎസ് ആസ്ഥാനമായുള്ള ഓക്ട്രീ ക്യാപിറ്റല്‍ മാനേജ്‌മെന്റ് എന്നിവയ്ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഓഹരികള്‍ സ്വന്തമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വാര്‍ത്തകളോട് ഇവരാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എമിറേറ്റ്‌സ് എന്‍ബിഡിയും ഫെയര്‍ഫാക്‌സും ഓഹരി വാങ്ങാന്‍ ശക്തമായ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഈ കമ്പനികള്‍ മുന്‍നിരയില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. എന്നിരുന്നാലും, അവസാന റൗണ്ട് ഡിലിജന്‍സ് പൂര്‍ത്തിയാക്കാന്‍ സാധ്യതയുള്ള കൊട്ടക് മഹീന്ദ്ര ബാങ്കും ഒരു പ്രധാന മത്സരാര്‍ത്ഥിയായി തുടരാം.
അവസാന റൗണ്ട് ഡിലിജന്‍സ് അവസാനിച്ചുകഴിഞ്ഞാല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) ഒക്ടോബറില്‍ സാമ്പത്തിക ബിഡുകള്‍ ക്ഷണിക്കാന്‍ സാധ്യതയുണ്ട്. സമയപരിധി പാലിച്ചാല്‍, ഇടപാട് 2026 മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്സിന്റെ നേതൃത്വത്തിലാണ് ഫെയര്‍ഫാക്സ് പ്രവര്‍ത്തിക്കുന്നത്. കേരളം ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ പ്രൊമോട്ടര്‍ കൂടിയാണ് ഫെയര്‍ഫാക്‌സ്. പ്രേം വാട്സ് 1985-ലാണ് ഫെയര്‍ഫാക്സ് ആരംഭിച്ചത്. ഹൈദരാബാദില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ഒരു കനേഡിയന്‍ വ്യവസായിയാണ് പ്രേം.
എമിറേറ്റ്‌സ് എന്‍ബിഡി ഗ്രൂപ്പ് യുഎഇ, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ്.
അടുത്തിടെ, സെബി എല്‍ഐസിയെ പൊതു ഓഹരി ഉടമയായി പുനര്‍വര്‍ഗ്ഗീകരിക്കാന്‍ അംഗീകരിച്ചു, അതിന്റെ വോട്ടവകാശം 10% ആയി പരിമിതപ്പെടുത്തുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ അതിന്റെ ഓഹരി 15% ആയി കുറയ്ക്കുകയും ചെയ്തു.
സ്റ്റോക്ക് വാച്ച്
കഴിഞ്ഞ ഏഴ് സെഷനുകളില്‍ ആറിലും ഐഡിബിഐ ബാങ്കിന്റെ ഓഹരികള്‍ നേട്ടമുണ്ടാക്കി, റാലിയില്‍ 10% ത്തിലധികം ചേര്‍ത്തു.