ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന് സ്വര്‍ണവില
ഈ വര്‍ഷം ഇതിനകം തന്നെ പവന് കൂടിയത് 13,280 രൂപ, ഗ്രാമിന് 1,660 രൂപയും.

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന് സ്വര്‍ണവില. ശനിയാഴ്ച സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ 70,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8770 രൂപയായും, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70160 രൂപയായും ഉയര്‍ന്നു. കഴിഞ്ഞദിവസം ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി സ്വര്‍ണം പുതിയ റെക്കോര്‍ഡലെത്തിയിരുന്നു.
രാജ്യാന്തര തലത്തില്‍ യു.എസ് -ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.എസ് ഡോളര്‍ നിരക്ക് കടുത്ത സമ്മര്‍ദത്തിലായതിന് പിന്നാലെ ഇന്‍ഡക്‌സ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആദ്യമായി 100 ല്‍ താഴെയെത്തിയിരുന്നു. വെള്ളിയാഴ്ച 0.72 ശതമാനം കുറഞ്ഞ് 99.89 ലുമെത്തി. രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.
സ്വര്‍ണക്കുതിപ്പിന്റെ വര്‍ഷമായി മാറുകയാണ് 2025. ഈ വര്‍ഷം ഇതിനകം തന്നെ പവന് 13,280 രൂപ കൂടി, ഗ്രാമിന് 1,660 രൂപയും. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ.
സംസ്ഥാനത്തെ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ കാര്യത്തില്‍ ഏകീകൃത നിലപാടാണ് ഇരുസംഘടനകള്‍ക്കും. എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയത്തിന്റെ കാര്യത്തില്‍ സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയേക്കാം
കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7220 രൂപയും, പവന് 57760 രൂപയുമായി നിരക്ക്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഈ സംഘടനയുടെ കണക്കനുസരിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 7260 രൂപയാണ്. പവന് വില 58080 രൂപയിലെത്തി. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഗ്രാമിന് 2 രൂപ ഉയര്‍ന്ന് 107 രൂപ എന്ന നിരക്കിലെത്തി.
3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് (HUID) ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാല്‍) എന്നിവയും ചേരുമ്പോള്‍ ശനിയാഴ്ച കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 75,932 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,492 രൂപയും. പൊതുവേ പല വ്യാപാരികളും ശരാശരി 10% പണിക്കൂലിയാണ് ഈടാക്കുന്നത്. അങ്ങനെയെങ്കില്‍ വില ഇതിലും കൂടുതലായിരിക്കും. ഇനി ഡിസൈനര്‍ ആഭരണങ്ങള്‍ ആണെങ്കില്‍ പണിക്കൂലി 30-35 ശതമാനം വരെയൊക്കെയാകാം.