നെഞ്ചിടിപ്പേകി വീണ്ടും കുതിപ്പുമായി സ്വര്‍ണം; 320 രൂപ കൂടി, പവന് 66320 രൂപ

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞദിവസം ചരിത്രവില രേഖപ്പെടുത്തിയ സ്വര്‍ണത്തിന് ബുധനാഴ്ച വീണ്ടും വില കൂടി. 320 രൂപ കൂടി 66,000 രൂപയിലാണ് വ്യാപാരം നടന്നത്. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്.
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8290 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66320 രൂപയിലുമെത്തി. കഴിഞ്ഞ ദിവസവും സ്വര്‍ണനിരക്ക് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 6810 രൂപയായി. അതുപോലെ, ഒരു പവന് 160 രൂപ കൂടി 54480 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 111 രൂപയായി തുടരുമെന്നും സംഘടന അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂട്ടി 6840 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 240 രൂപ കൂടി 54720 രൂപയാണ് ഈ സംഘടനയുടെ വില. എന്നാല്‍ സാധാരണ വെള്ളിയുടെ വിലയില്‍ സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 111 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 112 രൂപയാണ് വെള്ളിയുടെ ചൊവ്വാഴ്ചത്തെ വില. തുടര്‍ച്ചയായുള്ള വിലവര്‍ധനവില്‍ സാധാരണക്കാരായ ജനങ്ങളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്.
ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നതെങ്കില്‍ ഇസ്രയേല്‍-ഗാസ പോര് വീണ്ടും മൂര്‍ച്ഛിച്ചതും സ്വര്‍ണത്തിന്റെ കുതിപ്പിന് കളമൊരുക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ സേന ഗാസയെ ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്,
പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. ഭൗമരാഷ്ട്രീയ സംഘര്‍ഷ പശ്ചാത്തലത്തില്‍ 'സുരക്ഷിത നിക്ഷേപം' എന്ന ഖ്യാതി നേടി സ്വര്‍ണവില കുതിക്കുക സ്വാഭാവികവുമാണ്.