സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 66000 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമായിരുന്നു. കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയിലെ ഭിന്നതകള്‍ കാരണം വ്യത്യസ്ത നിരക്കുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8250 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66000 രൂപയിലുമെത്തി.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 3011 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. 18 കാരറ്റ് സ്വര്‍ണ്ണവില 6780 രൂപയായി ഉയര്‍ന്നു. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 1രൂപ വര്‍ദ്ധിച്ച് 111 രൂപയായി.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6790 രൂപയായി. അതുപോലെ, ഒരു പവന് 240 രൂപ കൂടി 54320 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. ഗ്രാമിന് 110 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 111 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6810 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 400 രൂപ കൂടി 54480 രൂപയാണ് ഈ സംഘടനയുടെ വില. എന്നാല്‍ സാധാരണ വെള്ളിയുടെ വിലയില്‍ സംഘടന മാറ്റം വരുത്തിയില്ല. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 111 രൂപയാണ് വെള്ളിയുടെ ചൊവ്വാഴ്ചത്തെ വില.
ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തികശക്തിയായ യുഎസിലെ ചലനങ്ങളാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വര്‍ണവിലയെ സ്വാധീനിച്ചിരുന്നതെങ്കില്‍ ഇസ്രയേല്‍-ഗാസ പോര് വീണ്ടും മൂര്‍ച്ഛിച്ചതും സ്വര്‍ണത്തിന്റെ കുതിപ്പിന് കളമൊരുക്കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ സേന ഗാസയെ ആക്രമിച്ചെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലായി. ഭൗമരാഷ്ട്രീയ സംഘര്‍ഷ പശ്ചാത്തലത്തില്‍ 'സുരക്ഷിത നിക്ഷേപം' എന്ന ഖ്യാതി നേടി സ്വര്‍ണവില കുതിക്കുക സ്വാഭാവികവുമാണ്.
സ്വര്‍ണത്തിന് 3 ശതമാനമാണ് ജി.എസ്.ടി. 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസുണ്ട്. പുറമേ പണിക്കൂലിയും നല്‍കണം. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതല്‍ 30% വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ തന്നെ ഇന്നൊരു പവന്‍ ആഭരണത്തിന് കേരളത്തില്‍ 71,434 രൂപ നല്‍കണം. 8,930 രൂപയെങ്കിലും കൊടുത്താലേ ഒരു ഗ്രാം സ്വര്‍ണാഭരണവും കിട്ടൂ. ഇനി 10 ശതമാനമാണ് പണിക്കൂലിയായി ഈടാക്കുന്നതെങ്കില്‍ ഒരു പവന്‍ ആഭരണത്തിന് 75,000 രൂപയ്ക്കടുത്തും ഒരു ഗ്രാം ആഭരണത്തിന് 9,350 രൂപയ്ക്കടുത്തും കൊടുക്കണം.