ആശ്വാസദിനങ്ങള്‍ക്ക് വിട; സ്വര്‍ണവില മേലോട്ട്

ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. പവന് 560 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഇതോടെ 64,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6600 രൂപയും പവന് 52800 രൂപയുമാണ് വിപണിവില.

ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പവന് ആയിരം രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും തിരിച്ചുകയറുകയാണ്. വെള്ളിവിലയും വര്‍ധിച്ചു. സാധാരണ വെള്ളിക്ക് ഗ്രാമിന് 105 രൂപയില്‍ നിന്ന് 01 രൂപ കൂടി 106 രൂപയായി.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്ന് മുന്നേറിയത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. പവന് 65000 രൂപ കടക്കാന്‍ അധികം ദിവസം വേണ്ടിവരില്ലെന്നാണ് വിപണി വൃത്തങ്ങള്‍ പറയുന്നത്.

ആഗോള സമ്പദ് വ്യവസ്ഥയെയും വ്യാപാര, വാണിജ്യമേഖലയെയും അസ്വസ്ഥമാക്കുന്ന യുഎസിന്റെ തീരുവനയം, യുക്രെയ്ന്‍ വിഷയത്തില്‍ യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത, സ്വര്‍ണത്തിന് റിസര്‍വ് ബാങ്കില്‍ നിന്നടക്കം ലഭിക്കുന്ന വന്‍ ഡിമാന്‍ഡ് തുടങ്ങിയവ വിലയെ വീണ്ടും മുന്നോട്ട് നയിച്ചേക്കാം എന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

Related Articles
Next Story
Share it