സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; കൂടിയത് 1480 രൂപ; പവന് 69,960

ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച പവന് 1480 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 69,960 രൂപയില്‍ എത്തി. ഗ്രാം വില 185 രൂപ കൂടി 8,745 രൂപയിലുമെത്തി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 75,500 രൂപയ്ക്ക് മുകളില്‍ നല്‍കണം.

കഴിഞ്ഞദിവസം ഗ്രാമിന് 8,560 രൂപയും പവന് 68,480 രൂപയുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 4160 രൂപയാണ് പവന് ഉയര്‍ന്നത്. ഗ്രാമിന് 520 രൂപയും ഉയര്‍ന്നു. കേരളത്തില്‍ ഗ്രാമിന് കഴിഞ്ഞദിവസം ഗ്രാമിന് 270 രൂപയും പവന് 2,160 രൂപയുമാണ് കൂടിയത്.

പണിക്കൂലിയും ജി.എസ്.ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോള്‍ വിലക്കയറ്റത്തിന്റെ ഭാരം ഇതിലും കൂടും. സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങല്‍ എന്നത് ഇനി സ്വപ്‌നം മാത്രം. വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം എടുക്കുന്നവരെയാണ് വിലക്കൂടുതല്‍ ഏറ്റവും അധികം ബാധിക്കുന്നത്. 3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി എന്നിവയും ചേരുമ്പോള്‍ വില കൈയിലൊതുങ്ങില്ലെന്നതാണ് ആശങ്ക. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും.

മിനിമം 5% പണിക്കൂലി ഈടാക്കുകയാണെങ്കില്‍ നിങ്ങള്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 75,716 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,465 രൂപയും. ശരാശരി 10 ശതമാനമൊക്കെ പണിക്കൂലിയാണ് പല വ്യാപാരികളും ഈടാക്കുന്നത് എന്നതിനാല്‍ വാങ്ങല്‍വില ഇതിലും കൂടുതലായിരിക്കും.

സ്വര്‍ണവില കുറഞ്ഞുനിന്നപ്പോള്‍ മുന്‍കൂര്‍ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയ ഉപഭോക്താക്കളെ വിലക്കുതിപ്പ് ബാധിക്കില്ല. അവര്‍ക്ക് ബുക്ക് ചെയ്തപ്പോഴത്തെ കുറഞ്ഞവിലയ്ക്ക് തന്നെ സ്വര്‍ണാഭരണം വാങ്ങാം. അതേസമയം, മുന്‍കൂര്‍ ബുക്ക് ചെയ്തവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സ്വര്‍ണാഭരണം കൊടുക്കേണ്ടി വരുന്നത് വ്യാപാരികള്‍ക്ക് തിരിച്ചടിയുമാണ്. നഷ്ടവിലയില്‍ സ്വര്‍ണം വില്‍ക്കേണ്ടി വരുന്നതാണ് കാരണം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവിലയുടെ കുതിപ്പിന് കളമൊരുക്കി. കൂടാതെ, വ്യാപാരയുദ്ധത്തോട് ഒപ്പം ചൈനയുടെ പക്കല്‍ ഉള്ള 760 ബില്യണ്‍ ഡോളര്‍ ട്രഷറി ബോണ്ടുകള്‍ വിറ്റഴിക്കുമെന്ന ഭീഷണിയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി. ജപ്പാന്‍ കഴിഞ്ഞാല്‍ യുഎസ് ട്രഷറി ബോണ്ടുകള്‍ ഏറ്റവും കൂടുതലുള്ളത് ചൈനയുടെ കൈവശമാണ്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3218 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.20 ആണ്.

ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന് (എ.കെ.ജി.എസ്.എം.എ) കീഴിലെ ജ്വല്ലറികളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 155 രൂപ കൂടി 7,245 രൂപയായി. കഴിഞ്ഞദിവസം 255 രൂപ കൂടിയിരുന്നു. വെള്ളി വിലയ്ക്ക് മാറ്റമില്ല. ഗ്രാമിന് 105 രൂപ.

എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ വെള്ളിയാഴ്ച 18 ഗ്രാമിന് നല്‍കിയ വില ഗ്രാമിന് 150 രൂപ ഉയര്‍ത്തി 7,200 രൂപയാണ്. വെള്ളി വില 105 രൂപ തന്നെ.

Related Articles
Next Story
Share it