ഇടവേളയ്ക്ക് ശേഷം കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചു; പവന് 66,320

വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല

ഏതാനും ദിവസങ്ങളിലെ ഇടവേളയ്ക്ക് ശേഷം കുതിപ്പ് തുടങ്ങി സ്വര്‍ണം. സ്വര്‍ണവില ഇനിയും താഴുമെന്ന് കരുതി കാത്തുനിന്നവരെ നിരാശരാക്കിയാണ് ഈ കുതിപ്പ്. യുഎസ്-ചൈന വ്യാപാരപ്പോര് കൂടുതല്‍ വഷളായതും ആഗോള സാമ്പത്തികരംഗം കടുത്ത അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നതും ഓഹരി വിപണി ഇടിയുന്നതും മൂലം സ്വര്‍ണ നിക്ഷേപത്തിന് വന്‍ സ്വീകാര്യത കിട്ടുന്നതാണ് വില വീണ്ടും കുതിക്കാന്‍ വഴിവച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പവന് 2,680 രൂപയും ഗ്രാമിന് 335 രൂപയും കുറഞ്ഞശേഷമാണ് ഇന്നു വില വീണ്ടും കൂടിയത്

ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാം വില 8290 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66320 രൂപയിലെത്തി.

അടുത്തിടെ സ്വര്‍ണവില 68,000 രൂപവരെ എത്തി സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടിവ് തുടര്‍ന്നത്. വിഷു, ഈസ്റ്റര്‍ ദിവസങ്ങളില്‍ സ്വര്‍ണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ക്കുമാണ് തിരിച്ചടിയായത്.

സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ കാര്യത്തില്‍ ഏകീകൃത നിലപാടാണ്. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില നിര്‍ണയ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ.എസ് അബ് ദുള്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍(AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6795 രൂപയായി. പവന് 400 രൂപ വര്‍ധിച്ചതോടെ വില 54360 രൂപയിലെത്തി.

അതേസമയം ഡോ. ബി. ഗോവിന്ദന്‍ ചെയര്‍മാനും, ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപയാണ് വര്‍ധിപ്പിച്ചത്. ഈ സംഘടനയുടെ കണക്കനുസരിച്ച് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6835 രൂപയാണ്. പവന് 440 രൂപ വര്‍ധിച്ചതോടെ വില 54680 രൂപയിലെത്തി.

സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടെങ്കിലും വെള്ളിയുടെ വിലയില്‍ മാറ്റമൊന്നുമില്ല. സാധാരണ വെള്ളിയുടെ വില ഗ്രാമിന് 102 രൂപയായി തന്നെ തുടരുന്നു.

3 ശതമാനമാണ് സ്വര്‍ണത്തിന്റെ ജി.എസ്.ടി. സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ജി.എസ്.ടിക്ക് പുറമെ 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, പണിക്കൂലി എന്നിവയുമുണ്ട്. പണിക്കൂലി 3 മുതല്‍ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ 71,780 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 8,972 രൂപയും നല്‍കണം.

Related Articles
Next Story
Share it