സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധനവ്; പവന് 66480 രൂപ

കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 800 രൂപയാണ് കൂടിയത്. ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള വിശേഷങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവരെയും വ്യാപാരികളേയും ഒരുപോലെ ആശങ്കപ്പെടുത്തി മുന്നേറുകയാണ് സ്വര്‍ണവില.
കഴിഞ്ഞ ദിവസം ഔണ്‍സിന് 3,038 ഡോളര്‍ എന്ന റെക്കോര്‍ഡിലെത്തിയ രാജ്യാന്തര സ്വര്‍ണവില, ഇന്നു മുന്നേറിയെത്തിയത് 3,055.61 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡിലേക്ക്. ഫലമോ, കേരളത്തിലും വില ഉയര്‍ന്നു.
22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വ്യാഴാഴ്ച വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്.
ഗ്രാമിന് 20 രൂപയും, പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8310 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66480 രൂപയിലുമെത്തി. കഴിഞ്ഞ ദിവസവം സ്വര്‍ണനിരക്ക് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6825 രൂപയായി. അതുപോലെ, ഒരു പവന് 120 രൂപ കൂടി 54600 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 111 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 112 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂട്ടി 6855 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 120 രൂപ കൂടി 54840 രൂപയാണ് ഈ സംഘടനയുടെ വില. എന്നാല്‍ സാധാരണ വെള്ളിയുടെ വിലയില്‍ സംഘടന മാറ്റം വരുത്തിയിട്ടില്ല. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 112 രൂപയാണ് വെള്ളിയുടെ വില.
യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചതും അതേസമയം, ഈ വര്‍ഷം രണ്ടുതവണ പലിശനിരക്ക് കുറച്ചേക്കാമെന്ന് വ്യക്തമാക്കിയതും സ്വര്‍ണത്തിനു നേട്ടമായി. പലിശനിരക്ക് കുറയുമ്പോള്‍ ആനുപാതികമായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശനിരക്കും താഴും.
യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്രങ്ങളില്‍ നിന്ന് നിക്ഷേപകര്‍ക്ക് കിട്ടുന്ന ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) കുറയും. ഡോളറും ദുര്‍ബലമാകും. ഫലത്തില്‍, ഈ നിക്ഷേപങ്ങള്‍ അനാകര്‍ഷകമാകും. നിക്ഷേപകര്‍ ഇവയെ കൈവിട്ട് ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വര്‍ണനിക്ഷേപ പദ്ധതികളിലേക്ക് പണം മാറ്റും. ഇതു വില കൂടാനും ഇടയാക്കും.
പണിക്കൂലിയും ചേര്‍ന്നാല്‍
സ്വര്‍ണാഭരണത്തിന് 3 ശതമാനമാണ് ജി.എസ്.ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്. പുറമേ പണിക്കൂലിയും നല്‍കണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ രൂപകല്‍പനയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
പൊതുവേ വ്യാപാരികള്‍ ഈടാക്കുന്നത് 5-10 ശതമാനമാണ്. ബ്രാന്‍ഡഡ് ജ്വല്ലറികള്‍ക്ക് ഇതു 30 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാല്‍ തന്നെ ഇന്നൊരു പവന്‍ ആഭരണത്തിന് കേരളത്തില്‍ കൊടുക്കേണ്ടത് 71,953 രൂപ. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 8,994 രൂപയും. അതായത്, രണ്ടു പവന്റെ മാല വാങ്ങാന്‍ പോലും ഒന്നരലക്ഷം രൂപയ്ക്കടുത്തു കൈയില്‍ കരുതണം.