സ്വര്‍ണവില താഴോട്ട് തന്നെ; 320 രൂപ കുറഞ്ഞു; പവന് 65840

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. സംസ്ഥാനത്ത് സ്വര്‍ണവില 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെയാണ് തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.
ഈ വാരത്തിന്റെ തുടക്കത്തില്‍ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. കനത്ത ലാഭമെടുപ്പിനെ തുടര്‍ന്ന് ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവില തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8230 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65840 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം സ്വര്‍ണനിരക്ക് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കുറഞ്ഞത്.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 6750 രൂപയായി. അതുപോലെ, ഒരു പവന് 280 രൂപ കുറഞ്ഞ് 54000 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 6795 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പവന് 240 രൂപ കുറച്ച് 54360 രൂപയാണ് ഈ സംഘടനയുടെ വില. സാധാരണ വെള്ളിയുടെ വിലയിലും സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 110 രൂപയില്‍ നിന്ന് രണ്ട് രൂപ കുറച്ച് 108 രൂപയാണ് വെള്ളിയുടെ ശനിയാഴ്ചത്തെ വില.
രണ്ടുദിവസം മുമ്പ് ഔണ്‍സിന് 3,058 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ട രാജ്യാന്തരവില ഇന്നൊരു ഘട്ടത്തില്‍ 3,000 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് 3,022.95 ഡോളറിലേക്ക് കയറി. കഴിഞ്ഞദിവസത്തെ വിലയേക്കാള്‍ ഇപ്പോഴും 14 ഡോളര്‍ താഴ്ന്നാണ് വ്യാപാരം. ഇതാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ സഹായിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെ റെക്കോര്‍ഡ് കയറ്റം മുതലെടുത്ത് സ്വര്‍ണനിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയത് രാജ്യാന്തര വിലയെ താഴ്ത്തുകയായിരുന്നു.
പുറമെ യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 103 നിലവാരത്തില്‍ നിന്ന് 104.15ലേക്ക് കയറിയതും സ്വര്‍ണവിലയെ പിന്നോട്ടടിച്ചു. രാജ്യാന്തര സ്വര്‍ണ വ്യാപാരം നടക്കുന്നത് ഡോളറിലാണെന്നിരിക്കെ, ഡോളര്‍ ഉയരുമ്പോള്‍ സ്വര്‍ണം വാങ്ങല്‍ച്ചെലവ് (ഇറക്കുമതിച്ചെലവ്) കൂടും. ഇതു ഡിമാന്‍ഡിനെ പ്രതികൂലമായി ബാധിക്കുകയും വില കുറയുകയും ചെയ്യും. ഇതാണ് ഇന്നു പ്രതിഫലിച്ചത്.