തുടര്‍ച്ചയായ കുതിപ്പിന് ശേഷം ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലയിടിഞ്ഞു; കുറഞ്ഞത് 320 രൂപ; പവന് 66160 രൂപ

കൊച്ചി: തുടര്‍ച്ചയായ കുതിപ്പിന് ശേഷം ആശ്വാസം, സംസ്ഥാനത്ത് സ്വര്‍ണത്തിന് വിലയിടിഞ്ഞു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെയും 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോര്‍ഡ് വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നത്. വ്യാഴാഴ്ച ഗ്രാമിന് 8,310 രൂപയും പവന് 66,480 രൂപയുമായി റെക്കോര്‍ഡ് വിലയിലായിരുന്നു വ്യാപാരം. കഴിഞ്ഞ 3 ദിവസത്തിനിടെ ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കൂടിയശേഷമാണ് ഇന്നു കുറഞ്ഞത്.
സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് ഇന്ന് നിശ്ചയിച്ചത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8270 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66160 രൂപയിലുമെത്തി. കഴിഞ്ഞ ദിവസവം സ്വര്‍ണനിരക്ക് ഗ്രാമിന് 20 രൂപയും, പവന് 160 രൂപയുമാണ് കൂടിയത്.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്ന അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇടിവ് വരുത്തിയിട്ടുണ്ട്.
ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 6785 രൂപയായി. അതുപോലെ, ഒരു പവന് 320 രൂപ കുറഞ്ഞ് 54280 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 112 രൂപയില്‍ നിന്ന് രണ്ട് രൂപ കുറഞ്ഞ് 110 രൂപയായി തുടരുമെന്നും സംഘടന അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കുറച്ച് 6825 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 240 രൂപ കുറച്ച് 54600 രൂപയാണ് ഈ സംഘടനയുടെ വില. സാധാരണ വെള്ളിയുടെ വിലയിലും സംഘടന മാറ്റം വരുത്തി. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 112 രൂപയിലല്‍ നിന്ന് രണ്ട് രൂപ കുറച്ച് 110 രൂപയാണ് വെള്ളിയുടെ വെള്ളിയാഴ്ചത്തെ വില.
കഴിഞ്ഞ ദിവസങ്ങളിലെ രാജ്യന്തരവിലയിലെ റെക്കോര്‍ഡ് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകര്‍ ഗോള്‍ഡ് ഇടിഎഫ് പോലുള്ള സ്വര്‍ണ നിക്ഷേപ പദ്ധതികളില്‍ ലാഭമെടുപ്പ് നടത്തിയതും അതുമൂലം വില കുറഞ്ഞതും കേരളത്തിലും വില താഴാന്‍ സഹായിച്ചു.
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3,058 ഡോളര്‍ എന്ന സര്‍വകാല റെക്കോര്‍ഡില്‍ നിന്ന് 3,030 ഡോളറിലേക്കാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപ കാഴ്ചവയ്ക്കുന്ന മികച്ച തിരിച്ചുവരവും സ്വര്‍ണവിലയെ താഴേക്കു നയിച്ചു. ഇന്നു ഡോളറിനെതിരെ 14 പൈസ മെച്ചപ്പെട്ട് 86.23ലാണ് രൂപ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ രണ്ടുമാസത്തിനിടയിലെ ഏറ്റവും മികച്ച മൂല്യം. തുടര്‍ച്ചയായ എട്ടാംദിവസമാണ് രൂപ നേട്ടത്തില്‍ തുടരുന്നതും.
രൂപ ശക്തമാകുകയും ഡോളര്‍ താഴുകയും ചെയ്യുമ്പോള്‍ സ്വര്‍ണം ഇറക്കുമതിച്ചെലവ് കുറയും. ഇത്, ആഭ്യന്തര സ്വര്‍ണവില കുറയാന്‍ സഹായിക്കും. അതേസമയം, രാജ്യാന്തരവില വന്‍ ചാഞ്ചാട്ടത്തിനു വരുംദിവസങ്ങളില്‍ സാക്ഷിയായേക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ലാഭമെടുപ്പ് തുടര്‍ന്നാല്‍ വില 2,945 ഡോളറിലേക്കുവരെ ഇടിയാം. ഇതു കേരളത്തിലും സ്വര്‍ണവില വന്‍തോതില്‍ കുറയാന്‍ സഹായിക്കും.