നിലംതൊടാതെ പൊന്നുവില..!!; പവന് 63000 കടന്നു
സംസ്ഥാനത്ത് സ്വര്‍ണവില പിടിവിട്ട അവസ്ഥയിലാണ്. ഓരോ ദിവസം റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുകയാണ്. ഇന്നും സ്വര്‍ണവില കൂടി. പവന് ഇന്ന് 760 രൂപ കൂടി 63240 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കൂടി 7905 രൂപയായി. അതായത് ജി.എസ്.ടി.യും പണിക്കൂലിയും ഉള്‍പ്പെടെ എല്ലാം കണക്ക് കൂട്ടിയാല്‍ ഒരു പവന്‍ സ്വര്‍ണാഭരണം എടുത്താല്‍ 70,000ന് അടുത്ത് ഉപഭോക്താവ് പണം നല്‍കേണ്ടി വരും. പുതുവര്‍ഷം പിറന്നതു മുതല്‍ മിക്ക ദിവസങ്ങളിലും സ്വര്‍ണവില കുതിക്കുകയായിരുന്നു. ജനുവരി ഒന്നിന് ഒരു പവന്റെ വില 57200 രൂപയായിരുന്നു. നാലാഴ്ച പിന്നിടുമ്പോള്‍ 6040 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിപണി വിദഗ്ധര്‍ ഈ വര്‍ഷം, സ്വര്‍ണം പവന് 65000 കടക്കുമെന്ന് പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് കടക്കാന്‍ അധികകാലം വേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോളറിനെതിരായ രൂപയുടെ വിലത്തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.