GOLD RATE | നേരിയ ആശ്വാസം; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 68080 രൂപ

കൊച്ചി: ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം നടന്നിരുന്നത്. സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഗ്രാമിന് 8510 രൂപയിലും പവന് 68080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഏപ്രില്‍ ആദ്യ ദിനമായ ചൊവ്വാഴ്ച ഒരു ഗ്രാമിന് 85 രൂപയുടെ വര്‍ധനവും പവന് 680 രൂപയുമാണ് കൂടിയത്. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിലയാണിത്.

ആഭരണമായി സ്വര്‍ണം വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+18% ജി.എസ്.ടി), പണിക്കൂലി എന്നിവയും കൂടി ബാധകമാണ്. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ പോലും ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ കേരളത്തില്‍ 73,685 രൂപയാകും. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,210 രൂപയും.

18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6980 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 55840 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും മാറ്റമില്ല. 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7020 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 56160 രൂപയാണ് വില. വെള്ളിക്ക് 112 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഗ്രാമിന് 325 രൂപയും പവന് 2,600 രൂപയുമാണ് സംസ്ഥാനത്ത് കൂടിയത്. മൂന്നുമാസത്തിനിടെ പവന് ഉയര്‍ന്നത് 10,200 രൂപ, ഗ്രാമിന് 1,275 രൂപയും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിന് പവന് 50,880 രൂപയേ ഉണ്ടായിരുന്നുള്ളൂ. ഒറ്റവര്‍ഷം കൊണ്ടുമാത്രം 17,200 രൂപയുടെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര സ്വര്‍ണവില ഇന്നലെ കുറിച്ച ഔണ്‍സിന് 3,149 ഡോളര്‍ എന്ന എക്കാലത്തെയും ഉയരത്തില്‍ നിന്ന് ഇന്ന് 3,109 ഡോളറിലേക്ക് താഴ്ന്നിറങ്ങി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യന്‍ സമയം ഇന്നു വൈകിട്ടോടെ പകരച്ചുങ്കം (Reciprocal Tariff) പ്രഖ്യാപിക്കാനിരിക്കെ യുഎസ് ഡോളറും യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്ര ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) മെച്ചപ്പെട്ടതും ഇന്നലത്തെ വിലക്കുതിപ്പ് മുതലെടുത്ത് ഒരുവിഭാഗം നിക്ഷേപകര്‍ ഗോള്‍ഡ് ഇ.ടി.എഫുകളില്‍ ലാഭമെടുപ്പ് നടത്തിയതുമാണ് വില കുറയാനിടയാക്കിയത്.

എന്നാല്‍ ട്രംപിന്റെ പകരച്ചുങ്കത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണവില വരും ദിവസങ്ങളില്‍ വീണ്ടും കൂടാനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ വര്‍ഷാന്ത്യത്തോടെ രാജ്യാന്തരവില 4,500 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന് വില 80,000-85,000 രൂപവരെ എത്തിയേക്കാം.

Related Articles
Next Story
Share it