ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ദീപാവലി സമ്മാനം; കേരളത്തില്‍ ഇ-സിം സേവനങ്ങള്‍ ആരംഭിച്ചു
എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ബിഎസ്എന്‍എല്‍ ഇ-സിം സേവനങ്ങള്‍ ലഭ്യമാകും

ഉപഭോക്താക്കള്‍ക്ക് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്ലിന്റെ ദീപാവലി സമ്മാനം. കേരളത്തിലും ഇ-സിം സേവനം ആരംഭിച്ചു. എറണാകുളം, ഇടുക്കി, ലക്ഷദ്വീപ് ഏരിയയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും ബിഎസ്എന്‍എല്‍ ഇ-സിം സേവനങ്ങള്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ. ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു. കേരളത്തില്‍ 4ജി നെറ്റ് വര്‍ക്ക് സാങ്കേതികവിദ്യ സാധ്യമാക്കിയതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ ഇ-സിം സൗകര്യവും എത്തിയിരിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഇതുവഴി ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.
ഉത്സവകാലത്ത് 4 ജി നെറ്റ് വര്‍ക്കിലുടനീളം അസാധാരണമായ മൂല്യം വാഗ്ദാനം ചെയ്യുന്നതിനും പുതിയ ഉപഭോക്തൃ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്നാണ് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ പി. ലോഗനാഥന്‍ പറയുന്നത്.
1 രൂപ വിലയുള്ള ഈ പ്രമോഷണല്‍ പ്ലാന്‍ പുതിയ വരിക്കാര്‍ക്ക് 30 ദിവസത്തേക്ക് സാധുതയുള്ള ഒരു സമഗ്ര മൊബൈല്‍ സേവന പാക്കേജ് നല്‍കുന്നു. ഇത് കൂടാതെ പരിധിയില്ലാത്ത വോയ്സ് കോളുകള്‍ (ലോക്കല്‍ / എസ്ടിഡി), പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു.
നവംബര്‍ 15 വരെ ഓഫര്‍ ലഭ്യമാണ്. ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കില്‍ ചേരാന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) ഉപയോഗിക്കുന്നവര്‍ ഉള്‍പ്പെടെ പുതിയ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കും പ്ലാന്‍ ലഭ്യമാണ്.
തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും ഇ-സിം സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്ന മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍/ഉപകരണങ്ങള്‍ കൈവശമുള്ള ഉപഭോക്താക്കള്‍ക്കായി ഇ-സിം (എംബെഡഡ്-സബ്സ്‌ക്രൈബര്‍ ഐഡന്റിറ്റി മൊഡ്യൂള്‍) സേവനങ്ങള്‍ ആരംഭിക്കുമെന്ന് ബിഎസ്എന്‍എല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പുതിയതും നിലവിലുള്ളതുമായ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇ-സിം സജീവമാക്കുന്നതിന്, ഉപഭോക്താക്കള്‍ അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ച് ആവശ്യമായ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കണം, അതിനുശേഷം ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് അത് സജീവമാക്കുമെന്ന് ലോഗനാഥന്‍ പറഞ്ഞു.
ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെയാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി ഇ-സിം സേവനം എത്തിക്കുന്നത്. ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന്റെ ജിഎസ്എംഎ അംഗീകൃത സബ്സ്‌ക്രിപ്ഷന്‍ മാനേജ്മെന്റ് പ്ലാറ്റ്ഫോമായ മൂവ് ആണ് ഇ-സിം സേവനങ്ങള്‍ നല്‍കുന്നത്. ടാറ്റ കമ്മ്യൂണിക്കേഷന്‍സ് കൊളാബറേഷന്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (ടിസിസിഎസ്പിഎല്‍) വഴിയാണ് ഇത് വിതരണം ചെയ്യുന്നത്.
രാജ്യവ്യാപകമായി മൊബൈല്‍ ഉപയോക്തൃ അടിത്തറയ്ക്കായി ഇ-സിം പ്രൊവിഷനിംഗ് കൈകാര്യം ചെയ്യാന്‍ ഈ പ്ലാറ്റ്ഫോം ബിഎസ്എന്‍എല്ലിനെ സഹായിക്കുന്നു. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ കണക്ഷനുകള്‍ ആക്ടീവാക്കാന്‍ ഉപയോക്താക്കളെ ഇ-സിം സാങ്കേതികവിദ്യ അനുവദിക്കുന്നു.
ബിഎസ്എന്‍എല്‍ നവീകരണ പാതയില്‍
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ സംബന്ധിച്ച് ഇ-സിം സേവനങ്ങള്‍ ആരംഭിക്കുന്നത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ സിമ്മിനൊപ്പം ഒരു ഇ-സിം ഉപയോഗിക്കാം. 4ജിയും 5ജിയും അടക്കമുള്ള നവീകരണത്തിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ ഇ-സിം സൗകര്യവും അവതരിപ്പിച്ചിരിക്കുന്നത്.