എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ വന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍ ഉം: വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത കോളുകള്‍, പ്രതിദിനം 2 ജിബി ഡാറ്റ
30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്

ന്യൂഡല്‍ഹി: എയര്‍ടെല്ലിനും ജിയോയ്ക്കും പിന്നാലെ ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബി.എസ്.എന്‍.എല്‍.) രംഗത്ത്. വെറും ഒരു രൂപയ്ക്ക് പരിധിയില്ലാത്ത വോയ്സ് കോളുകള്‍, പ്രതിദിനം 2 ജിബി 4 ജി ഡാറ്റ, പ്രതിദിനം 100 എസ്.എം.എസ് എന്നിവ നല്‍കുന്ന ഒരു പ്രമോഷണല്‍ ഫ്രീഡം ഓഫര്‍ ആണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് പുതിയ ഓഫര്‍ എന്നതും ശ്രദ്ദേയമാണ്. ഈ ഓഫര്‍ 2025 ഓഗസ്റ്റ് 31 വരെ മാത്രമാണ്. കൂടാതെ പുതിയ ബി.എസ്.എന്‍.എല്‍ വരിക്കാരെ ലക്ഷ്യമിട്ടുള്ളതുമാണ്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്.
ഓഫര്‍ വിശദാംശങ്ങളും യോഗ്യതയും
സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പ്രോഗ്രാമിന് കീഴില്‍ അവതരിപ്പിക്കുന്ന തദ്ദേശീയ 4 ജി നെറ്റ് വര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കമ്പനിയുടെ സംരംഭത്തിന്റെ ഭാഗമാണ് ബി.എസ്.എന്‍.എല്ലിന്റെ ഫ്രീഡം ഓഫര്‍.
ഓഫര്‍ അറിയാം :
1. അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്.ടി.ഡി വോയ്സ് കോളുകള്‍
2. പ്രതിദിനം 100 എസ്.എം.എസ് സന്ദേശങ്ങള്‍
3. ഒരു രൂപയ്ക്ക് പുതിയ സിം കാര്‍ഡ്
4. ബി.എസ്.എന്‍.എല്ലിന്റെ ന്യായമായ ഉപയോഗ നയം (എഫ്.യു.പി) അനുസരിച്ച്, ദിവസേനയുള്ള 2 ജിബി പരിധി തീര്‍ന്നതിന് ശേഷം ഡാറ്റ വേഗത 40kbps ആയി കുറയും.
ഈ ഓഫര്‍ പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ. നിലവിലുള്ള ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമല്ല. ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കള്‍ അടുത്തുള്ള ബി.എസ്.എന്‍.എല്‍ റീട്ടെയിലര്‍മാരെയോ പൊതു സേവന കേന്ദ്രങ്ങളെയോ (സി.എസ്.സി) സന്ദര്‍ശിക്കണം. ബി.എസ്.എന്‍.എല്ലിന്റെ സിം ഹോം ഡെലിവറി സേവനം വഴി പ്ലാന്‍ ലഭ്യമാകുമോ എന്ന് വ്യക്തമല്ല.
ബി.എസ്.എന്‍.എല്ലിന്റെ പൂര്‍ണ്ണമായും തദ്ദേശീയമായ 4ജി സാങ്കേതികവിദ്യ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ലോഞ്ച് വേളയില്‍ ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ റോബര്‍ട്ട് ജെ. രവി പറഞ്ഞു. ''ആത്മനിര്‍ഭര്‍ ഭാരത്' ദൗത്യത്തിന് കീഴില്‍ ബി.എസ്.എന്‍.എല്ലിന്റെ 4ജി - രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത് വിന്യസിച്ചതോടെ സ്വന്തമായി ടെലികോം സ്റ്റാക്ക് നിര്‍മ്മിച്ച തിരഞ്ഞെടുത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,' - എന്നായിരുന്നു റോബര്‍ട്ട് ജെ. രവി പറഞ്ഞത്.
രാജ്യത്തുടനീളം 100,000 4ജി ടവറുകള്‍ വിന്യസിക്കാനുള്ള തയാറെടുപ്പിലാണ് ബി.എസ്.എന്‍.എല്‍ എന്നും, ഇതുവഴി ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും മൊബൈല്‍ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ 349 രൂപ മുതല്‍ 399 രൂപ വരെയുള്ള സമാന ബണ്ടില്‍ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്ന സമയത്താണ് ഫ്രീഡം ഓഫറുമായി ബി.എസ്.എന്‍.എല്‍ രംഗത്തുവരുന്നത്. എന്നാല്‍ ബി.എസ്.എന്‍.എല്ലിന്റെ ഒരു രൂപ ഓഫര്‍ ആദ്യ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ളതും 4G ഇന്‍ഫ്രാസ്ട്രക്ചറിന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതുമായ ഒരു പരിമിത സമയ എന്‍ട്രി പ്ലാന്‍ ആണെന്നതും ഓര്‍ക്കേണ്ടതാണ്.